ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടക്കുന്ന എബിവിപി 70 ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ, നാഷണൽ ഗേൾസ് കോ- ഓർഡിനേറ്റർ മനു ശർമ്മ ഖട്ടാരിയ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനം നിർവ്വഹിച്ചത്.
നവംബർ 22,23,24 തീയതികളിലാണ് ദേശീയ സമ്മേളനം നടക്കുക. ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനവും വരും വർഷങ്ങളിൽ നടത്തേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതും ദേശീയ സമ്മേളനത്തിന്റെ മുഖ്യ അജണ്ടയാണ്.
ഭാരതത്തിന്റെ മഹത്തായ സനാതന സംസ്‌കൃതിയെ പരിപോഷിപ്പിക്കാനും സംരക്ഷിച്ച് നിർത്താനും ജീവിതം സമർപ്പിച്ച നാഥ് സന്ന്യാസി സമൂഹത്തിന്റെ കർമ്മഭൂമിയായ ഗോരഖ്പൂരിൽ നടക്കുന്ന എബിവിപി ദേശീയ സമ്മേളനം വളരെ പ്രാധാന്യമേറിയതാണെന്ന് എബിവിപി ദേശീയ അധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി പറഞ്ഞു.
രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്തിന്റെ ഉന്നമനം ഉറപ്പുവരുത്തുന്നതിന് സഹായകരമാകുന്ന നയങ്ങൾ ദേശീയ സമ്മേളനത്തിൽ വിഭാവനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.