ഇസ്രായേൽ മാത്രമല്ല, വാസ്തവത്തിൽ ലോകം ഒന്നടങ്കം സ്തംഭിച്ച ദിനമായിരുന്നു ഒക്ടോബർ ഏഴ്. പശ്ചിമേഷ്യയിൽ യുദ്ധത്തിന് തുടക്കം കുറിച്ച ആ കറുത്ത ദിനത്തിന്റെ ഓർമകൾക്ക് ഇന്ന് ഒരാണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ആക്രമണമാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയത്.
വാരാന്ത്യം ആഘോഷിക്കാനായി തടിച്ചുകൂടിയ ജനങ്ങൾക്കിടയിലേക്കാണ് അപ്രതീക്ഷിതമായെത്തി ആയിരക്കണക്കിന് റോക്കറ്റുകൾ പാഞ്ഞെത്തിയത്. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഇസ്രായേൽ അന്തം വിട്ടു. യൂറോപ്യൻ യൂണിയനും അമേരിക്കയും ചേർന്ന് ഭീകര സംഘടനയായി കരിമ്പട്ടികയിൽ പെടുത്തിയ ഹമാസാണ് ഇതിന് പിന്നിലെന്ന് ഇസ്രായേലിന് തിരിച്ചറിയാൻ വലിയ സമയമൊന്നും വേണ്ടിവന്നില്ല.
കൃത്യമായ തന്ത്രങ്ങളോടെയാണ് ഹമാസ് ഇസ്രായേലിൽ തീമഴ പെയ്ച്ചത്. മിസൈലാക്രമണത്തിന് പിന്നാലെ ആയിരക്കണക്കിന് ഹമാസ് ഭീകരർ അതിർത്തി കടന്ന് ഇരച്ചെത്തി. ഒക്ടോബർ ഏഴിന് പുലർച്ചെയായിരുന്നു ഇത്. കരയിൽ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് ആക്രമണം നടത്തി. 1,205 ഇസ്രായേലികളാണ് അന്ന് കൊല്ലപ്പെട്ടത്. ഗാസ മുനമ്പിൽ നിരവധി പേരെ ബന്ദികളാക്കി. സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനത്തിന് വരെ ഇരയായി. 251 ബന്ദികളെ ഹമാസ് ഗാസയിലേക്ക് കൊണ്ടുപോയിരുന്നു. മാസങ്ങൾക്കിപ്പുറം പലരെയും ജീവനറ്റാണ് ലഭിച്ചത്. 64 പേർ ഇപ്പോഴും തടങ്കലിലാണ്. 70 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
തങ്ങളുടെ പൗരന്മാരുടെ ജീവനെടുത്ത കിരാതർക്ക് തക്ക മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. പിന്നാലെ പ്രത്യാക്രമണം. കരമാർഗമുള്ള ആക്രമണമാണ് ഇസ്രായേൽ ആദ്യം നടത്തിയത്. 2023 ഒക്ടോബർ 13-ന് 2.4 ദശലക്ഷത്തിലേറെ പേർ കഴിയുന്ന ഗാസയിൽ നിന്ന് ആളുകളോട് ഒഴിയാൻ നിർദ്ദേശിക്കുന്നു. 27-ന് കര ആക്രമണം ആരംഭിക്കുന്നു. അന്ന് തുടങ്ങിയ ആക്രമണം ഇന്നും തുടരുകയാണ്. ഇതുവരെ 40,000-ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 20 ലക്ഷത്തോളം പേരാണ് യുദ്ധത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത്.
ഇതിനിടെ ഹമാസിന് പിന്തുണ നൽകുന്ന രാജ്യങ്ങളിലേക്കും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാനും സിറിയയും ലെബനനനു യെമനും ഇറാക്കുമാണ് ഹമാസിനെ പിന്തുണ നൽകുന്നത്. ഹൂതി, ഹിസ്ബുള്ള തുടങ്ങിയ സംഘടനകളും ഇസ്രായേലിനെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ ഇസ്രായേൽ ആഞ്ഞടിച്ചു. ലെബനനിൽ മുന്നും പിന്നും നോക്കാതെയാണ് ഹിസ്ബുള്ള ഭീകരരെ വകവരകുത്തുന്നത്. ഇതുവരെ 400-ലേറെ ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.