തിരുവനന്തപുരം: പീഡനാരോപണ കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം നർകോട്ടിക് സെല്ലിന്റെ കൺട്രോൾ റൂമിലാണ് സിദ്ദിഖ് ഹാജരായത്. മകൻ ഷാഹിൻ സിദ്ദിഖ്, നടൻ ബിജു പാപ്പൻ എന്നിവരോടൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്.
സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലായിരുന്നു സിദ്ദിഖ് ആദ്യം ഹാജരായത്. എന്നാൽ മൊഴി എടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല. തുടർന്നാണ് അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം സിദ്ദിഖ് നർകോട്ടിക് സെല്ലിന്റെ കൺട്രോൾ റൂമിലെത്തിയത്.
അന്വേഷണ സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്ത് അയച്ചിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിനുള്ള നടപടികൾ അന്വേഷണ സംഘം ആരംഭിച്ചത്.
ഈ മാസം 22-ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയുടെ തീരുമാനം വന്നിട്ട് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാമെന്ന നിലപാടിലാണ് അന്വേഷണ സംഘം.