ലക്നൗ: വ്യാജ വെള്ളക്കുപ്പികൾ ബുൾഡോസർകൊണ്ട് നശിപ്പിച്ച് ജില്ലാ മജിസ്ട്രേറ്റ്. യുപി ബാഗ്പത്തിലെ ജില്ലാ മജിസ്ട്രേറ്റ് ജിതേന്ദ്ര പ്രതാപ് സിംഗാണ് നടപടിക്ക് പിന്നിൽ. പ്രമുഖ ബ്രാൻഡായ ബിസ്ലരിയുടെ പേരിലാണ് വ്യാജൻ ഇറങ്ങിയത്.
പൊലീസിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജില്ലാ മജിസ്ട്രേറ്റ്. അവിടെ നിന്ന് നൽകിയ കുപ്പിവെള്ളത്തിൽ സംശയം തോന്നിയ അദ്ദേഹം കാര്യം എസ്പിയെ ധരിപ്പിച്ചു. തുടർന്ന് എസ്പിയുടെ നിർദ്ദേശപ്രകാരം ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യാജനെ കൈയ്യോടെ പൊക്കുകയായിരുന്നു. ഫുഡ് ലൈസൻസ് നമ്പർ മുതൽ സർവ്വതും ഇതിൽ തെറ്റായാണ് രേഖപ്പെടുത്തിയത്.
ഭീം എന്നയാൾ തന്റെ വീട്ടിൽ ഉൽപ്പാദിപ്പിക്കുന്ന കുപ്പിവെള്ളമാണ് ബിസ്ലരി എന്ന പേരിൽ വിറ്റിരുന്നതെന്ന് കണ്ടെത്തി. സമാനമായ രീതിൽ സ്റ്റിക്കർ പതിപ്പിച്ചായിരുന്നു ഇത് കടകളിൽ എത്തിച്ചത്. ഗോഡൗണിൽ നടത്തിയ റെയ്ഡിനിടെ 2,663 കുപ്പികൾ അധികൃതർ പിടിച്ചെടുത്തു. ഉടൻ തന്നെ ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ബുൾഡോസർ കൊണ്ട് നശിപ്പിക്കുകയും ചെയ്തു.