കൊല്ലം: പുനലൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. പുനലൂരിൽ നിന്നും കായംകുളത്തേക്ക് പോയ ബസിലാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ അപകടം ഒഴിവായി.
പുനലൂർ നെല്ലിപ്പള്ളിയിലെത്തിയപ്പോൾ ബസിൽ നിന്ന് പുക ഉയരുകയായിരുന്നു. പിന്നാലെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ കത്തിപ്പടർന്നു. ഇതോടെ ബസ് നിർത്തി ജീവനക്കാരും യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബസിന്റെ എഞ്ചിൻ പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ പടരാനുള്ള കാരണം വ്യക്തമല്ല. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് അധികൃതർ പറഞ്ഞു.