46 വയസ്സൊന്നും ഒരു പ്രായമല്ലെന്ന് താൻ ഇപ്പോൾ മനസിലാക്കുന്നുവെന്ന് നടി മഞ്ജു വാര്യർ. വർഷങ്ങൾ കഴിയുന്തോറും താൻ കൂടുതൽ എനർജറ്റിക് ആവുകയാണെന്നും നാൽപ്പതുകൾ വളരെ ചെറുപ്പമാണെന്നും മഞ്ജു വാര്യർ പറഞ്ഞു. രജനികാന്ത് നായകനായ ചിത്രം വേട്ടയന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യൻ.
എനിക്കിപ്പോൾ 46 വയസുണ്ട്. എന്നാൽ അതൊന്നും ഒരു പ്രായമല്ലെന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് 30 വയസൊക്കെ ആയപ്പോൾ, വലിയ പ്രായമായല്ലോ എന്നൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട്. പക്ഷേ, ഇന്ന് 50 ലേക്ക് കടക്കുമ്പോഴും അതൊന്നും ഒന്നുമല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. 40 ഒക്കെ വളരെ ചെറുപ്പമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഇന്ന് ഇത്രയും എനർജറ്റിക് ആയി ഇരിക്കുകയാണെങ്കിൽ 50-ൽ എത്ര എനർജി ഉണ്ടാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്.
രജനികാന്ത് സാറിനൊപ്പമുള്ള ഡാൻസ് കണ്ടതിന് ശേഷം ഒരുപാട് ആളുകൾ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. എല്ലാത്തിനും നെഗറ്റീവും പോസിറ്റീവുമുണ്ട്. പ്രേക്ഷകർ അവരുടെ അഭിപ്രായങ്ങളാണ് പങ്കുവക്കുന്നത്. അത്തരം നെഗറ്റീവ് കമന്റുകളിൽ നിന്ന് നല്ല കാര്യങ്ങൾ ഞാൻ തെരഞ്ഞെടുക്കാറുണ്ട്. കുറച്ച് കൂടി നല്ലതാക്കണം എന്ന് മാത്രമേ തനിക്ക് തോന്നിയിട്ടുള്ളൂവെന്നും മഞ്ജു വാര്യർ പറഞ്ഞു.
ഈ മാസം 10-നാണ് വേട്ടയൻ തിയേറ്ററുകളിലെത്തുന്നത്. രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗുബതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് വേട്ടയൻ. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തെത്തിയിരുന്നു.