ന്യൂയോർക്ക്: AI സാങ്കേതികവിദ്യയുടെ ഉപയോഗം എല്ലായ്‌പ്പോഴും സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടിയാകില്ലെന്ന് സൂചിപ്പിക്കുന്ന പലതരം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു വാർത്തയാണ് അടുത്തിടെ ചർച്ചയായത്. 18 വർഷം മുൻപ് കൊലചെയ്യപ്പെട്ട മകളുടെ രൂപത്തിലും ശബ്ദത്തിലും പ്രത്യക്ഷപ്പെട്ട AI ചാറ്റ് ബോട്ട് ക്യാരക്ടറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒരു കുടുംബം.
AI സാങ്കല്പിക വ്യക്തികളെ സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്ലാറ്റ്‌ഫോമായ Character.ai ഉപയോഗിച്ചാണ് 2006 ൽ കൊല്ലപ്പെട്ട പെൺകുട്ടിയെ അനുകരിച്ച് ഒരു ചാറ്റ്ബോട്ട് ഹോസ്റ്റ് ചെയ്യുന്നതായി കണ്ടെത്തിയത്. പിതാവ് ഡ്രൂ ക്രെസെന്റാണ് ജെന്നിഫർ ആനിനെ അവിചാരിതമായി AI ചാറ്റ്ബോട്ടിന്റെ രൂപത്തിൽ ഓൺലൈനിൽ കണ്ടെത്തുന്നത്. 2006ൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജെന്നിഫർ തന്റെ മുൻകാമുകനാൽ കൊല്ലപ്പെടുന്നത്. ഈ വേദന മറക്കാൻ ശ്രമിക്കുന്ന കുടുംബത്തിന് ഇരട്ടി വേദന നൽകുന്നതാണ് AI സൃഷ്ടിയെന്ന് പിതാവ് ആരോപിച്ചു.
ആരാണ് ഇത് സൃഷ്ടിച്ചതെന്ന് അദ്ദേഹത്തിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചാറ്റ്ബോട്ട് നീക്കം ചെയ്യണമെന്നും ഭാവിയിൽ തന്റെ മകളുടെ പേരോ സാമ്യമുള്ള ചിത്രങ്ങളോ ഉപയോഗിച്ച് ഇത്തരം ബോട്ടുകളൊന്നും നിർമ്മിക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം Character.ai പ്ലാറ്റ്‌ഫോമിൽ പരാതി നൽകി.
‘ജെന്നിഫർ ആൻ ചാറ്റ്ബോട്ട്’ നീക്കം ചെയ്തതായി പ്രസ്താവിച്ചുകൊണ്ട് ഏതാനും മണിക്കൂറുകൾക്കുള്ളിൽ Character.ai പോസ്റ്റിനോട് പരസ്യമായി പ്രതികരിച്ചു. ചാറ്റ്ബോട്ട് പ്രവർത്തിച്ചത് തങ്ങളുടെ നയങ്ങൾ ലംഘിച്ചുകൊണ്ടാണെന്നും ഇവർ വ്യക്തമാക്കി. എന്നാൽ ഇത് സൃഷ്‌ടിച്ച വ്യക്തികൾ ആരാണെന്ന് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല.