വാഷിംഗ്ടൺ : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ആക്രമണം നടത്തി ഹമാസ് ബന്ദികളാക്കിയവരെ എല്ലാം വിട്ടയയ്‌ക്കണമെന്ന് അമേരിക്ക. ബന്ദികളായവരെ അവരുടെ കുടുംബാംഗങ്ങളുമായി ഒന്നിപ്പിക്കുന്നത് വരെ വിശ്രമമില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ആക്രമണത്തിന്റെ ഒരു വർഷം തികയുന്ന ദിനത്തിൽ ഹമാസിന്റെ നടപടികൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.
” ഹമാസ് ഇപ്പോഴും ബന്ദികളാക്കി വച്ചിരിക്കുന്ന എല്ലാവരേയും മോചിപ്പിക്കണം. അവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നത് വരെ അമേരിക്കയ്ക്ക് വിശ്രമിക്കാൻ സാധിക്കില്ല. അമേരിക്കക്കാർ ഉൾപ്പെടെ 254 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഏഴ് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 101 പേർ ഇപ്പോഴും ഗാസയിൽ തടങ്കലിലാണ്. ഒക്ടോബർ ഏഴിലെ ഹമാസിന്റെ തീവ്രവാദ പ്രവർത്തനമാണ് ഒരു വലിയ യുദ്ധത്തിന് തുടക്കമിട്ടത്. പാലസ്തീനിലെ ജനങ്ങളാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നതെന്നും” മാത്യു മില്ലർ പറഞ്ഞു.
ഒക്ടോബർ ഏഴിന് ജീവൻ വെടിഞ്ഞ ഓരോ നിരപരാധികളുടേയും മരണത്തിൽ അനുശോചനം അറിയിക്കുകയാണെന്നും, മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങൾ യുഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ”ബന്ദികളെ തിരികെ എത്തിക്കുക, വെടിനിർത്തൽ കരാറിനായി തുടർന്നും ശ്രമങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോഴും ഞങ്ങൾക്ക് മുന്നിലുള്ളത്. അതിനായുള്ള പ്രവർത്തനങ്ങൾ തുടരും. പാലസ്തീൻ ജനതയുടെ നിലനിൽപ്പിനും ഈ ശ്രമങ്ങൾ തുടരേണ്ടതുണ്ടെന്നും” ആന്റണി ബ്ലിങ്കൻ പറയുന്നു.
ഹമാസ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഇസ്രായേലിന് പിന്തുണ ആവർത്തിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേൽ നന്ദി അറിയിച്ചു. ജോ ബൈഡൻ തന്നെ വിളിച്ചുവെന്നും, യഥാർത്ഥ സുഹൃത്തായി പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നതിന് നന്ദി അറിയിക്കുന്നതായും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞു.















