തിരുവനന്തപുരം: നിയമസഭ ചേർന്ന രണ്ടാം ദിവസവും സഭയിൽ തർക്കം. പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് പ്രതിപക്ഷത്തിനെതിരെ പ്രമേയം അവതരിപ്പിച്ചതോടെയാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വീണ്ടും തർക്കമുണ്ടായത്. കഴിഞ്ഞ ദിവസം സ്പീക്കർക്കെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധം കടുത്ത അച്ചടക്കലംഘനമാണെന്ന് എം ബി രാജേഷ് പറഞ്ഞു. തുടർന്ന് നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത് നൽകി.
സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച എംഎൽഎമാരായ മാത്യു കുഴൽനാടൻ, ഐ സി ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവർക്കാണ് താക്കീത് നൽകിയത്. ഇവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. സ്പീക്കർക്കെതിരെയുണ്ടായ പ്രതിഷേധം ചട്ടവിരുദ്ധവും മര്യാദലംഘനവുമാണെന്ന് എംബി രാജേഷ് ആരോപിച്ചു. ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചൊടിപ്പിച്ചതോടെ വീണ്ടും പ്രതിഷേധത്തിന് വഴിവച്ചു.
പ്രതിഷേധക്കാരെ ചർച്ചയ്‌ക്ക് പോലും വിളിക്കാതെ സഭ നിർത്തിവച്ച സ്പീക്കറുടെ നടപടിയെയും വി ഡി സതീശൻ വിമർശിച്ചു. ആദ്യമായല്ല, സഭയിൽ ഇത്തരം സംഭവമുണ്ടാകുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ച എംഎൽഎമാരെ സംരക്ഷിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നിലപാട് ദൗർഭാഗ്യകരമാണെന്നും അടിയന്തര പ്രമേയ ചർച്ചയിൽ നിന്ന് ഒളിച്ചോടാനാണ് പ്രതിഷേധം ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചു.