ഇംഫാൽ: മണിപ്പൂരിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അസം റൈഫിൾസ്, ഇന്ത്യൻ സൈന്യം, പൊലീസ്, അതിർത്തി സുരക്ഷാ സേന എന്നിവർ സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. ചുരാചന്ദ്പൂർ, കാക്ചിംഗ്, തൗബൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന. 18 ആയുധങ്ങളും വെടിമരുന്ന് ശേഖരവും കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകൾ തിരിഞ്ഞാണ് പരിശോധന നടത്തിയത്. കഴിഞ്ഞ നാലാം തീയതി മുതൽ ആറ് വരെയാണ് പ്രത്യേക ഓപ്പറേഷൻ നടന്നത്. ചുരാചന്ദ്പൂരിൽ നടന്ന പരിശോധനയിൽ ഒമ്പത് പിസ്റ്റളും അഞ്ച് റൈഫിളും പിടികൂടി. കാക്ചിംഗ് ജില്ലയിൽ ഒക്ടോബർ അഞ്ചിനായിരുന്നു പരിശോധന. കാക്ചിംഗ്വിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ച ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ ഒമ്പത് പിസ്റ്റൾ, ഗ്രനേഡ്, വെടിമരുന്ന് തുടങ്ങിയവ പിടികൂടി.
അസം റൈഫിൾസും മണിപ്പൂർ പൊലീസുമാണ് തൗബാൽ ജില്ലയിൽ പരിശോധന നടത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്ന് വെടിക്കോപ്പ്, പിസ്റ്റൾ, ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു. കണ്ടെടുത്ത ആയുധങ്ങളും മറ്റ് വസ്തുക്കളും മണിപ്പൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.