മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വീണ്ടും സജീവ ചർച്ചയാകുകയാണ്. യുവതാരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയെന്ന പൊലീസിന്റെ കണ്ടെത്തലാണ് സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുളള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. ഇതിന് പിന്നാലെ ലഹരി പാർട്ടിയിൽ ഇരുവരും പങ്കെടുത്തെന്ന പൊലീസ് സ്ഥിരീകരണം കൂടി ആയതോടെ നടി പ്രയാഗമാർട്ടിനെതിരെ ആരാധകർ വലിയ രോഷപ്രകടനമാണ് സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്.
താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുടെ പെരുമഴയാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രയാഗ അടുത്തിടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെയാണ് സൈബറാക്രമണം. “ചുമ്മാതല്ല കിളി പാറി നടന്നത്, ശ്രീനാഥ് ഭാസിയും നീയും ഇനി അകത്താകുമോ, പണി പാളിയല്ലോ മോളേ, ഇനി ഹാപ്പി ജേർണി ടു ജയിൽ, കഞ്ചാവ് ഉപയോഗിച്ചിട്ടാണോ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്, ഇനി പ്രകാശൻ പരക്കട്ടെ, ഡ്രസ്സും മുടിയും കണ്ടപ്പോൾ തന്നെ സംശയം തോന്നിയിരുന്നു” എന്നൊക്കെയാണ് കമന്റുകൾ.
മലയാള സിനിമാ മേഖല തന്നെ അടച്ചുപൂട്ടണം എന്ന തരത്തിലും ആളുകൾ പ്രതികരിക്കുന്നുണ്ട്. പീഡനക്കേസിലെ പ്രതി സിദ്ദിഖിന് ജാമ്യം കിട്ടിയ സ്ഥിതിയ്ക്ക് നിങ്ങൾ പേടിക്കണ്ടെന്നും സിനിമക്കാർ നിയമത്തിന് പുറത്താണെന്നും ചിലർ വിമർശിക്കുന്നു. സൈബറാക്രമണങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ പ്രയാഗ കമന്റ് ബോക്സ് ഓഫാക്കി വച്ചു. പിന്നാലെ താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ആരോപണങ്ങളിൽ ഒരു വാക്ക് പോലും പറയാതെ ഹഹാ ഹിഹി ഹുഹു എന്നെഴുതിയ ബോർഡാണ് പ്രയാഗ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
നേരത്തെ, മേക്കോവറിന്റെ പേരിൽ പ്രയാഗ മാർട്ടിൻ സൈബറാക്രമണം നേരിട്ടിരുന്നു. മുടിയിൽ കളർ ചെയ്തതും ഡ്രസ്സിംഗ് സ്റ്റൈലും ചോദ്യം ചെയ്തായിരുന്നു സൈബറാക്രമണം.