വന്യജീവി സഫാരി പാർക്കുകളിലെ സന്ദർശനത്തിനിടെ വിനോദസഞ്ചാരികൾ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. വന്യമൃഗങ്ങളുടെ രസകരമായ ദൃശ്യങ്ങൾക്കും ആസ്വാദകർ ഏറെയാണ്. ഉദ്യാനങ്ങളിൽ കാണുന്ന മൃഗങ്ങൾ മനുഷ്യരെ കാണുമ്പോൾ അക്രമാസക്തരാകുന്ന തരത്തിലുള്ള നിരവധി വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഒരു കുഞ്ഞൻ പുള്ളിപ്പുലിയുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
ബെംഗളൂരുവിലെ ബന്നാർഘട്ട നാഷണൽ പാർക്കിലുണ്ടായ ഒരു സംഭവമാണ് സഞ്ചാരികൾ ക്യാമറയിൽ പകർത്തിയത്. സഫാരി ബസിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളെ ബസിലേക്ക് വലിഞ്ഞുകയറി ഒന്ന് പേടിപ്പിക്കാൻ ശ്രമിക്കുകയാണ് പുള്ളിപ്പുലി. പുറത്തുനിന്ന പുലി വാഹനത്തിന്റെ ജനൽ ഭാഗത്തേക്ക് പെട്ടെന്ന് എടുത്ത് ചാടി. ആദ്യം ശ്രമിച്ചിട്ട് നടക്കാതെ വന്നപ്പോൾ പിന്നീട് രണ്ട് തവണ പുലി ചാടി കയറാൻ ശ്രമിച്ചു. അതും നടക്കാതെ വന്നപ്പോൾ ചാടി ബസിന്റെ ജനലിൽ പിടിച്ച് തൂങ്ങിക്കിടന്നു. ഇതോടെ ബസിലുണ്ടായിരുന്ന സഞ്ചാരികൾ പരിഭ്രാന്തരായി. രണ്ട് തവണ ശ്രമിച്ചിട്ടും തല വാഹനത്തിന് അകത്തേക്കിടാൻ സാധിക്കാതെ വന്നതോടെ പുലി വാഹനത്തിൽ നിന്നും താഴെയിറങ്ങുന്നതും വീഡിയോയിൽ കാണാം.
#WATCH– Tourists Panic As Leopard Jumps Onto Safari Bus Window At Bengaluru’s Bannerghatta Zoo.#ViralVideo #Viral #Bengaluru #BannerghattaZoo pic.twitter.com/THjk3OWCK3
— TIMES NOW (@TimesNow) October 7, 2024
ബസിന് പുറകിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് വീഡിയോ പകർത്തിയത്. തുടർന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ സംഭവം വൈറലാവുകയായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് ബന്നാർഘട്ടിലെ ബയോളജിക്കൽ പാർക്കിൽ പുള്ളിപ്പുലി സഫാരി ആരംഭിച്ചത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സഫാരി പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിയുടെ ആവാസവ്യവസ്ഥയെ കുറിച്ച് വിനോദസഞ്ചാരികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന് വേണ്ടി പരിശീലനം നേടിയ പ്രത്യേക ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി സഫാരി പാർക്കിന് ചുറ്റും ബാരിക്കേഡും 4.5 മീറ്റർ ഉയരമുള്ള വേലിയും സ്ഥാപിച്ചിട്ടുണ്ട്. പാർക്കിനുള്ളിൽ നിന്ന് മൃഗങ്ങൾ പുറത്തുകടക്കാതിരിക്കാൻ മെറ്റൽ ഷീറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.















