2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മുൻപും, നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് മാസം മുൻപും ഹരിയാന സർക്കാരിന്റെ തലപ്പെത്തിയ നേതാവായിരുന്നു നയാബ് സിംഗ് സൈനി. മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന് പകരം ചുമതലയിലെത്തി 200 ദിവസം പിന്നിട്ട നയാബ് സിംഗ് സൈനിയെ കാത്തിരുന്നതാകട്ടെ അസംബ്ലി ഇലക്ഷനിലെ അത്യുജ്ജല വിജയവും.
കേന്ദ്രമന്ത്രി ചുമതല ലഭിച്ചതിന് പിന്നാലെ മനോഹർ ലാൽ ഘട്ടറിന് രാജിവെക്കേണ്ടി വന്നതോടെയായിരുന്നു തൽസ്ഥാനത്തേക്ക് സൈനി കടന്നുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് അറുപത് ദിവസം മുൻപായിരുന്നു തലപ്പത്ത് കാതലായ മാറ്റം നടന്നതെന്നതും ശ്രദ്ധേയമാണ്. 2 മാസത്തിനകം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വേണ്ടത്ര വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല. അഞ്ച് സീറ്റുകളിൽ ഒതുങ്ങിയെന്നത് പാർട്ടിക്ക് നിരാശയുണ്ടാക്കി. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായി ലോക്സഭാ ഫലത്തെ പലരും കണക്കാക്കുകയും ചെയ്തു. എന്നാൽ ജനവിധി മറ്റൊന്നായിരുന്നു. മുൻ അസംബ്ലി തെരഞ്ഞെടുപ്പിൽ ലഭിച്ച പിന്തുണയേക്കാൾ കൂടുതൽ വോട്ടുകളും സീറ്റുകളും നേടി അധികാരത്തിൽ തുടരാനുള്ള യോഗമാണ് ഹരിയാന ജനത നൽകിയത്.
എക്സിറ്റ് പോൾ ഫലം കൂടി വന്നതോടെ മുഖ്യമന്ത്രിക്കസേര ഉറപ്പിച്ച കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ, ഒരിക്കൽ നയാബ് സിംഗ് സൈനിയെ പരിഹസിച്ചത് ‘ഡമ്മി മുഖ്യമന്ത്രി’യെന്ന് വിശേഷിപ്പിച്ചായിരുന്നു. പത്ത് വർഷം തുടർച്ചയായി ഭരിക്കുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാൻ കഴിയുമെന്ന് പ്രത്യാശിച്ച ഹൂഡയ്‌ക്കും അണികൾക്കും കനത്ത തിരിച്ചടി നൽകി താനാരാണെന്ന് ജനവിധിയിലൂടെ തെളിയിച്ചിരിക്കുകയാണ് നയാബ് സിംഗ് സൈനി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണങ്ങളിലെല്ലാം ബിജെപി ഉയർത്തിക്കാട്ടിയ നേതാവും നയാബ് സിംഗ് ആയിരുന്നു. അദ്ദേഹത്തിന്റെ ശക്തമായ നേതൃപാടവവും ഉത്തരവാദിത്വബോധവും ഭരണവിരുദ്ധ വികാരം അതിജീവിക്കാൻ വലിയ പങ്കുവഹിച്ചുവെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കർഷകപ്രക്ഷോഭം, ഗുസ്തിക്കാരുടെ ആരോപണങ്ങൾ, അഗ്നിപഥിനെതിരായ വിമർശനങ്ങൾ തുടങ്ങി പ്രതിപക്ഷം ആയുധമാക്കിയ എല്ലാ വിഷയങ്ങളിലും കൃത്യമായ മറുപടി നൽകി, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞുവെന്നതിന്റെ തെളിവ് കൂടിയാണ് ഹരിയാനയിലെ ഹാട്രിക് വിജയം.
ഉച്ചയ്‌ക്ക് മൂന്നര വരെയുള്ള കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ ഭരണം പിടിച്ചെടുക്കുമെന്ന് മോഹിച്ച കോൺഗ്രസിന് 36 സീറ്റുകളിൽ ലീഡുനില ഒതുങ്ങേണ്ടി വന്നു. എന്നാൽ കേവലഭൂരിപക്ഷവും കടന്ന് 48 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ് ബിജെപി.















