നാരങ്ങമിട്ടായി.. എന്ന് കേൾക്കുമ്പോൾ തന്നെ തെങ്കാശിപ്പട്ടണം എന്ന സിനിമയായിരിക്കും ചിലർക്ക് ഓർമവരിക. കണ്ണൻ മുതലാളിയും മീനാക്ഷിയും തമ്മിലുള്ള പ്രണയവും സൗഹൃദവും പിണക്കവുമൊക്കെ കണ്ടാസ്വദിച്ചവരാണ് മലയാളികൾ. സിനിമാപ്രേമികൾക്ക് ഏറ്റവുമധികം സംതൃപ്തി നൽകിയ താരജോഡി കൂടിയായിരുന്നു സുരേഷ് ഗോപിയും സംയുക്തയും. 24 വർഷങ്ങൾക്കിപ്പുറം തെങ്കാശിപ്പട്ടണത്തിലെ കണ്ണേട്ടനും മീനാക്ഷിയും വീണ്ടും ചർച്ചയാവുകയാണ്.
കോഴിക്കോട് സംഘടിപ്പിച്ച ദ്വിദിന ചലച്ചിത്ര ശിൽപശാലയായ ഗംഗാതരംഗത്തിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപിയും സംയുക്തയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് മലയാളികളെ വീണ്ടും തെങ്കാശിയിലേക്ക് അയച്ചത്. സുരേഷ് ഗോപിയെ കണ്ടയുടനെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന സംയുക്തയാണ് വൈറൽ വീഡിയോയിൽ. സംയുക്തയെ ചേർത്തുനിർത്തുന്ന സുരേഷ് ഗോപിയേയും ദൃശ്യങ്ങളിൽ കാണാം. അന്നേരം കേന്ദ്രമന്ത്രിയും പഴയകാല അഭിനേത്രിയും ആയിരുന്നില്ല അവർ, മറിച്ച് സ്നേഹസമ്പന്നരായ സുഹൃത്തുക്കളെ ആരാധകർക്ക് കാണാൻ കഴിഞ്ഞു.
മേഘസന്ദേശം, വാഴുന്നോർ, സായ്വർ തിരുമേനി, നരിമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ സുരേഷ് ഗോപിയും സംയുക്തയും ഒന്നിച്ചെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദബന്ധവും ആഭരണങ്ങളോടുള്ള പ്രേമവും ആരാധകർക്ക് സുപരിചിതമാണ്.















