ബെംഗളൂരു: അച്ഛൻ കൊണ്ടുവന്ന കേക്ക് കഴിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കേക്ക് കഴിച്ച മാതാപിതാക്കളും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. അഞ്ചുവയസുകാരൻ ധീരജാണ് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. പിതാവ് ബാലരാജും ഭാര്യ നാഗലക്ഷ്മിയും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് സംഭവം. സ്വിഗ്ഗി ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ബാലരാജ് കസ്റ്റമർ ഓർഡർ കാൻസൽ ചെയ്തതിനെത്തുടർന്നാണ് കേക്കുമായി വീട്ടിലെത്തിയത്. തുടർന്ന് മൂവരും ചേർന്ന് ഇത് കഴിക്കുകയായിരുന്നു. കേക്ക് കഴിച്ചയുടൻ ഇവർക്ക് ശാരീരിക അവശതകൾ അനുഭവപ്പെട്ടു. തുടർന്ന് ചികിത്സതേടിയെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല.
സംഭവത്തിൽ കെ പി അഗ്രഹാര പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ വിഷബാധയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൂവരും ഒരുമിച്ച് കേക്ക് കഴിച്ചതിനാൽ ആത്മഹത്യ ശ്രമത്തിന്റെ സാധ്യതകളും പൊലീസ് തള്ളിക്കളയുന്നില്ല. കേക്കിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടും കുട്ടിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ലഭ്യമായാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പൊലീസ് പറഞ്ഞു.