അരങ്ങേറിയിട്ട് ഒൻപത് വർഷമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അതിഥി താരമാണ് സഞ്ജു സാംസൺ. ടീമിലെ സ്ഥിരം അംഗമാകാനുള്ള ശ്രമത്തിലാണ് മലയാളി താരം. വിരാട് കോലിയുടെയും രോഹിത് ശർമയുടെ വിരമിക്കലിന് പിന്നാലെ ബംഗ്ലാദേശിനെതിരെയുള്ള ടി20യിൽ സഞ്ജുവിനെ ഓപ്പണറാക്കി ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാറും ഒരു പരീക്ഷണത്തിന് മുതിർന്നു. ആദ്യ മത്സരത്തിൽ മോശമല്ലാതെ ബാറ്റ് ചെയ്യാൻ സഞ്ജുവിന് കഴിഞ്ഞു. അഭിഷേക് ശർമയ്‌ക്കൊപ്പം ബാറ്റ് ചെയ്ത താരം 19 പന്തിൽ 29 റൺസ് നേടി. അതേസമയം താരത്തിന്റെ പ്രകടനത്തെ വിമർശിച്ച് രംഗത്ത് വരികയാണ് മുൻതാരം ആകാശ് ചോപ്ര.
അവൻ കൊള്ളാം. പക്ഷേ എനിക്ക് പറയാനുള്ളത്, അവൻ കുറച്ചുകൂടി മുന്നോട്ട് പോകണം. കുറച്ചുകൂടി റൺസ് നേടണം. ഇല്ലെങ്കിൽ സഞ്ജുവിനെ അവർ തഴയും. ഏറെക്കാലമായി അവൻ ടീമിൽ വന്നും പോയും ഇരിക്കുകയാണ്. ബാറ്റിംഗ് പൊസിഷനിൽ കയറിയും ഇറങ്ങിയും. ആദ്യ മത്സരത്തിലേത് ചെറിയ ഇന്നിംഗ്സായിരുന്നു. ടീമിൽ തുടരണമെങ്കിൽ ഇതുപോരാ.ഡൽഹിയിലെ രണ്ടാം മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം നടത്തി കുറച്ചധികം റൺസ് നേടണം. അല്ലെങ്കിൽ ഹൈദരാബാദിലെങ്കിലും അവൻ മികച്ച സ്കോർ കണ്ടെത്തണം. അല്ലെങ്കിൽ സെലക്ടർമാർ അവനെ മറക്കും—-ആകാശ് ചോപ്ര യുട്യൂബ് ചാനലിൽ പറഞ്ഞു.