വണ്ണം വച്ചിരുന്ന സമയത്ത്, എല്ലാവരും കളിയാക്കിയപ്പോഴും ധനുഷാണ് തനിക്ക് ആത്മവിശ്വാസം നൽകിയതെന്ന് നടി അപർണ ബാലമുരളി. ധനുഷിനോടും രായൻ സിനിമയിലെ എല്ലാ അണിയറ പ്രവർത്തകരോടും താൻ എന്നും നന്ദിയുള്ളവളായിരിക്കുമെന്നും അപർണ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധനുഷിനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവക്കുകയായിരുന്നു അപർണ.
“രായനിൽ അഭിനയിക്കുമ്പോൾ എനിക്ക് ഒരുപാട് വണ്ണമുണ്ടായിരുന്നു. ആ സമയത്ത് എല്ലാവരും എന്നെ ഓരോ കാര്യങ്ങൾ പറഞ്ഞ് കളിയാക്കുകയും തളർത്തുകയും ചെയ്തു. ബോഡി ഷെയിമിംഗും ഞാൻ നന്നായി അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ആ സമയത്ത് ധനുഷും ചിത്രത്തിലെ മറ്റ് സഹപ്രവർത്തകരും എനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകി എനിക്കൊപ്പം നിന്നു. മോശമായി ഒന്നും എന്നോട് അവർ പറഞ്ഞിട്ടില്ല”.
സ്ക്രീനിൽ നന്നായി പെർഫോം ചെയ്യുക എന്നത് മാത്രമാണ് അവർ ശ്രദ്ധിച്ചിരുന്നത്. മറ്റൊന്നും അവരുടെ വിഷയമായിരുന്നില്ല. എനിക്ക് ഒരുപാട് ആത്മവിശ്വാസം തന്ന സിനിമയാണത്. തളർത്താൻ ആര് ശ്രമിച്ചാലും അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്ന് ധനുഷ് എന്നോട് പറഞ്ഞു. പക്ഷേ, നിരന്തരം എല്ലാവരും ഓരോന്ന് പറയുമ്പോൾ അത് നമ്മളെ ബാധിക്കും. ഇവരൊക്കെ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇനി എത്ര ഉയരത്തിലെത്തിയാലും രായൻ ടീമിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുമെന്നും അപർണ ബാലമുരളി പറഞ്ഞു.