ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലാ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിലെ ലീഡ് ആഘോഷിച്ച കോൺഗ്രസ് തിരിച്ചടി നേരിട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് ഷെഹ്‌സാദ് പൂനാവാലാ ആരോപിച്ചു. കോൺഗ്രസിന്റെ നിലപട് മാറ്റത്തെ അദ്ദേഹം ചോദ്യം ചെയ്തു.
8;30 മുതൽ 9 മണി വരെ പവൻ ഖേര ജിലേബി വിതരണം ചെയ്യുകയായിരുന്നു.11;30 ആയപ്പോഴേക്കും അവരുടെ വക്താക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിക്കാൻ തുടങ്ങി,” അദ്ദേഹം പറഞ്ഞു. ഉച്ചയോടെ കോൺഗ്രസ് നേതാവ് ജയറാം രമേശ് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും ഇനി കോൺഗ്രസ്, വോട്ടർമാരുടെ വോട്ടർമാരുടെ ബുദ്ധിയെ ചോദ്യം ചെയ്യാൻ തുടങ്ങുമെന്നും ബിജെപി വക്താവ് പറഞ്ഞു.
ഗുസ്തിക്കാരനും സൈനികനും സാധാരണക്കാരനും കർഷകനും ഏല്ലാവരും മോദിയെ ബഹുമാനിക്കുന്നു, രാഹുൽ ഗാന്ധിയാണ് വെറുപ്പിന്റെ കട- എന്ന സന്ദേശമാണ് ഹരിയാനയും ജമ്മു കാശ്മീരും കോൺഗ്രസിന് നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിയാന തെരഞ്ഞെടുപ്പ് ഫലം വന്നുതുടങ്ങിയപ്പോൾ തുടക്കത്തിലെ ലീഡിന് ശേഷം കോൺഗ്രസ് പിന്നിലാവുകയായിരുന്നു. തോൽവി ഉറപ്പിച്ചതിനുപിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫലം സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ വൈകുന്നുവെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നുമാരോപിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തുവന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു.