സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ ജിലേബി തരംഗമാണ്. രാഹുലും ജിലേബിയുമാണ് വിഷയം. ഹരിയാനയിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതിന് ജിലേബിയുടെ പേരിൽ രാഹുലിനെ ട്രോളുന്നത് എന്തിനാണെന്ന കൺഫ്യൂഷനിലാണ് ചിലർ. ജിലേബിയും രാഹുലും തമ്മിൽ എന്താണ് ബന്ധമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഹരിയാനയിൽ തോറ്റതിന് ജിലേബി ട്രെൻഡിംഗായത് എന്തിനെന്ന് നോക്കാം..

മധുരമുള്ള മാവ് ചുരുളിപോലെ എണ്ണയിലേക്ക് ഒഴിച്ച് വറുത്ത് കോരിയെടുത്ത് സിറപ്പിൽ കുതിർത്ത് നൽകുന്ന ഒരുതരം സ്ട്രീറ്റ് ഫുഡാണ് ജിലേബി. ഉത്തരേന്ത്യയിലെ തെരുവോരങ്ങളിലെ സ്ഥിരം കാഴ്ച. ഫ്രഷായി കഴിക്കേണ്ട ഒരു മധുരപലഹാരം കൂടിയാണിത്. ഇങ്ങനെയുള്ള ജിലേബിയെ ഹരിയാനാ-രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴച്ചിട്ടത് സാക്ഷാൽ രാഹുൽ തന്നെയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ പരിപാടിക്കിടെയാണ് രാഹുലിന് കോൺഗ്രസ് നേതാവ് ദീപീന്ദർ സിംഗ് ഹൂഡ ജിലേബി സമ്മാനിച്ചത്. 54 വർഷത്തിനിടെ താൻ കഴിച്ച ഏറ്റവും നല്ല ജിലേബി ഇതാണെന്നായിരുന്നു രാഹുലിന്റെ മറുപടി. അവിടം കൊണ്ട് തീർന്നില്ല. ഈ ജിലേബി എല്ലാവരിലേക്കും എത്തേണ്ടതുണ്ടെന്ന് രാഹുൽ പ്രഖ്യാപിച്ചു. അതിനായി വ്യാവസായിക രീതിയിൽ ഫാക്ടറിയിൽ ഈ ജിലേബി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്ന് കൂടി രാഹുൽ ആവശ്യപ്പെട്ടു. ഹരിയാനയിലെ ഗൊഹനയിൽ സ്ഥിതിചെയ്യുന്ന ജനപ്രിയ സ്ഥാപനമായ ലാല മഥുറാം ഹൽവായിൽ തയ്യാറാക്കിയ ജിലേബിയായിരുന്നു രാഹുലിന്റെ വമ്പൻ പ്രഖ്യാപനത്തിന് പാത്രമായത്.
ജിലേബിയോടുള്ള പ്രേമം രാഹുൽ വീണ്ടും തുടർന്നു. “കാറിൽ വച്ചാണ് ജിലേബി കഴിച്ചത്, അപ്പോൾ തന്നെ ഞാനെന്റ് സഹോദരി പ്രിയങ്കയ്‌ക്ക് മെസേജ് അയച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് ജിലേബി ഞാൻ കഴിച്ച കാര്യം അവളോട് പറഞ്ഞു. നിനക്കും ഈ ജിലേബി ഞാൻ കൊണ്ടുതരുന്നുണ്ട്. “- രാഹുൽ പറഞ്ഞുനിർത്തി. ഗൊഹനയിലെ ജിലേബി ഇന്ത്യയുടെ ഓരോ കോണിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിക്കണമെന്ന് ഹരിയാനയിലെ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടതായും രാഹുൽ കൂട്ടിച്ചേർത്തു.
രുചികരമായ ആഹാരം വിളമ്പിയാൽ മനുഷ്യരുടെ മനസിലേക്കുള്ള വഴി തെളിയുമെന്ന് പറയുന്നതുപോലെ ഗൊഹനയിലെ ജിലേബി വഴി ഹരിയാനയുടെ ഹൃദയം കവരാനുള്ള സൈക്കോളജിക്കൽ മൂവ് ആയിരുന്നു കോൺഗ്രസ് നേതാവ് നടത്തിയത്. ജിലേബി പ്രേമത്തെക്കുറിച്ച് ഒരുപേജ് കവിയാതെ ഉപന്യസിച്ചതിന് പിന്നാലെ മനോഹരമായ മറ്റൊരു വാഗ്ദാനവും രാഹുൽ നടത്തി.

മഥുറാമിന്റെ ജിലേബി രാജ്യാതിർത്തിയും കടന്ന് വിദേശത്തേക്ക് എത്തുകയാണെങ്കിൽ അവരുടെ ചെറിയ ഷോപ്പ് ഒരു ഫാക്ടറിയായി മാറും. ആയിരക്കണക്കിനാളുകൾക്ക് ജോലി കിട്ടും. – ഇതായിരുന്നു രാഹുലിന്റെ അടുത്ത പ്രഖ്യാപനം. ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മൂന്ന് ദിവസം മുൻപ് വരെ ജിലേബിക്കാര്യം രാഹുൽ ഓർമിപ്പിച്ചുകൊണ്ടിരുന്നു.
‘ജിലേബി പ്രണയക്കഥ’ കണ്ടുകൊണ്ടിരിക്കുന്ന ബിജെപി നേതാക്കളാകട്ടെ വിഷയത്തെ വേണ്ടപോലെ ചർച്ചയാക്കി. ജിലേബിക്കായി ഫാക്ടറികൾ നിലനിൽക്കുന്നില്ലെന്ന് രാഹുലിനെ ഓർമിപ്പിച്ചു. ജിലേബി കഴിക്കുന്ന ഫോട്ടോ ഷൂട്ട് പങ്കുവച്ചതുകൊണ്ട് കാര്യമില്ലെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. ആരാണ് പണിയെടുക്കുന്നതെന്നും ആരാണ് ഷോ ഇറക്കുന്നതെന്നും ഹരിയാനയിലെ ജനങ്ങൾക്ക് നല്ലപോലെ അറിയാമെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പ്രതികരിച്ചു. ഒടുവിൽ റിസൾട്ട് വന്നപ്പോഴോ അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങാനായിരുന്നു രാഹുലിന്റെ യോഗം. കഴിച്ച ജിലേബികളും പുകഴ്‌ത്തിയ പ്രസ്താവനകളും ബാക്കി. ജിലേബി വഴി ഹരിയാനയുടെ ഭരണം പിടിക്കാമെന്ന തന്ത്രം പാളിയതോടെ രാഹുലിനെ വീണ്ടും പഞ്ഞിക്കിടുകയാണ് സോഷ്യൽമീഡിയ.
















