തിരുവനന്തപുരം: നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയും സിപിഐ നേതാവുമായ ആനി രാജയ്‌ക്കെതിരെ സിപിഐ സംസ്ഥാന നേതൃത്വം. സംസ്ഥാന കാര്യങ്ങളിൽ ആനി രാജ അനാവശ്യ ഇടപെടലുകൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദേശീയ ജനറൽ സെക്രട്ടറി ഡി രാജയ്‌ക്ക് കത്തയച്ചു.
വിവാദ വിഷയങ്ങളിൽ സംസ്ഥാന നേതൃത്വത്തിനൊപ്പം നിന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്. 10-ാം തീയതി ആരംഭിക്കുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഡി രാജ പങ്കെടുക്കാനിരിക്കെയാണ് ആനി രാജയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ബിനോയ് വിശ്വം മുന്നോട്ടുവച്ചത്. സമാന വിഷം ഉയർത്തി കാനം രാജേന്ദ്രൻ സെക്രട്ടറി ആയിരുന്നപ്പോഴും കത്ത് നൽകിയിരുന്നു.
സംസ്ഥാന വിഷയങ്ങളിൽ ആനി രാജയെ നിയന്ത്രിക്കണമെന്നാണ് ആവശ്യം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനൊപ്പം ആനി രാജ നിൽക്കണമെന്നും കത്തിൽ പറയുന്നു. ആനി സ്വീകരിക്കുന്ന നിലപാടുകളിൽ സംസ്ഥാന സിപിഐക്ക് കടുത്ത അതൃപ്തിയുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ പീഡന പരാതിയിൽ മുകേഷിനെതിരെ കേസെടുത്ത സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജി വയ്‌ക്കണമെന്ന് ആനി രാജ ആവശ്യപ്പെട്ടിരുന്നു. മുകേഷ് രാജിക്ക് തയ്യാറല്ലെങ്കിൽ സംസ്ഥാന സർക്കാർ രാജി ആവശ്യപ്പെടാൻ തയ്യാറാകണമെന്നും ആനി രാജ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള നിലപാടുകൾ പാർട്ടിക്കെതിരാണെന്ന് സൂചിപ്പിച്ചാണ് സംസ്ഥാന നേതൃത്വം കത്ത് നൽകിയത്.















