കൊച്ചി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസ് വക്താവ് ജയറാം രമേശിന് സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾമഴ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ആദ്യമണിക്കൂറുകളിൽ കോൺഗ്രസ് വലിയ രീതിയിൽ മുന്നിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് ഉൾപ്പെടെ ആഘോഷങ്ങളും ആരംഭിച്ചു. എന്നാൽ 10 മണിയോടെ ട്രെൻഡ് മാറിമറിയുകയായിരുന്നു. ബിജെപി ലീഡ് ഇരുപതിൽ നിന്ന് മുപ്പതിലേക്കും നാൽപ്പതിലേക്കും എല്ലാം അതിവേഗമാണ് കുതിച്ചുയർന്നത്. ബിജെപി കേവല ഭൂരിപക്ഷം മറികടക്കുന്ന സാഹചര്യം വന്നതോടെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷ പരിപാടികൾ നിർത്തി വയ്‌ക്കുകയും ചെയ്തിരുന്നു.
എന്നാൽ ആദ്യ മണിക്കൂറുകളിൽ വലിയ ആഘോഷ പരിപാടികൾ നടത്തിയ ശേഷം പരാജയത്തിലേക്ക് നീങ്ങിയതോടെ പതിവ് പോലെ ഇവിഎമ്മുകളെ കുറ്റപ്പെടുത്തി നേതൃത്വം രംഗത്തെത്തുകയും ചെയ്തു. ജനതാത്പര്യം അട്ടിമറിച്ചുവെന്നും കൃത്രിമഫലമാണ് ഹരിയാനയിൽ കണ്ടതെന്നുമാണ് കോൺഗ്രസ് വക്താക്കളായ ജയറാം രമേശും പവൻ ഖേരയും ആരോപിച്ചത്. ഹിസാർ മഹേന്ദ്രഗഡ്, പാനിപ്പത്ത് എന്നിവിടങ്ങളിൽ അട്ടിമറി നടന്നെന്നാണ് നേതാക്കളുടെ വാദം. 99 ശതമാനം ബാറ്ററി കാണിച്ച വോട്ടിംഗ് മെഷീനുകളിൽ ബിജെപി വിജയിച്ചുവെന്നും, 70 ശതമാനം വരെ ബാറ്ററി കാണിച്ചവയിൽ കോൺഗ്രസ് വിജയിച്ചുവെന്ന വിചിത്രവാദവും നേതാക്കൾ ഉയർത്തുന്നു.
ഇതോടെയാണ് നേതൃത്വത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പരിഹാസം ഉയർന്നത്. ആദ്യമണിക്കൂറിൽ ബിജെപിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും വലിയ രീതിയിലുള്ള പരിഹാസമാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. എന്നാൽ തോൽവി മണത്തതോടെ എല്ലാം ഇവിഎമ്മിന്റെ കുറ്റമാക്കി മാറ്റുക എന്ന പതിവുതന്ത്രം ഇക്കുറിയും പാലിച്ചു എന്നാണ് ഒരാൾ പറയുന്നത്. കശ്മീരിലെ ഇവിഎം കോൺഗ്രസിന് സൂപ്പറായിരുന്നുവെന്നും, ഹരിയാനയിൽ അത്ര പോരെന്നുമുള്ള പരിഹാസമാണ് കൂടുതൽ പേരും ചൂണ്ടിക്കാണിച്ചത്. ‘എന്റെ മൊബൈലിൽ 70% ബാറ്ററി ചാർജ്ജ് ഉള്ളപ്പോൾ ഇടുന്ന പോസ്റ്റുകൾക്ക് നല്ല റീച്ച് ഉണ്ട്, അതേസമയം 99% ബാറ്ററി ചാർജ്ജ് ഉള്ളപ്പോൾ ഇടുന്ന പോസ്റ്റുകൾക്ക് ഒട്ടും റീച്ചില്ല, കടപ്പാട് : ജയറാം രമേശ്’ എന്നാണ് മറ്റൊരു കമന്റ്.
‘ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞടുപ്പിൽ എല്ലാ എക്‌സിറ്റ് പോളുകളും ബിജെപി 400 സീറ്റ് വരെ എത്തും എന്ന് പറഞ്ഞു. എന്നാൽ കോൺഗ്രസ് 99 / 543 എന്ന നിലയിലെത്തി. വിജയിച്ചാൽ ഒരാളുപോലും ഇവിഎം മെഷീനുകളെ കുറ്റം പറയില്ല. അവർ പ്രതീക്ഷിച്ച സീറ്റുകൾ കിട്ടിയില്ലെങ്കിൻ ഇവിഎമ്മിനെ കുറ്റം പറഞ്ഞു നടക്കും. 70%ബാറ്ററി ഉളള ഇവിഎം ആണോ നാഷണൽ കോൺഫറൻസ് പാർട്ടിയെ കശ്മീരിൽ വിജയിപ്പിച്ചത്?’ എന്നാണ് ഒരു ചോദ്യം. ‘ പതിനൊന്ന് മണി വരെ ജിലേബി ഉണ്ടാക്കി കഴിച്ചപ്പോൾ ഇവിഎം എല്ലാം ശരിയായിരുന്നു. പിന്നീട് ചീത്തയായി. കശ്മീരിലും കർണാടകയിലും ഹിമാചലിലുമൊക്കെ ഇവിഎമ്മുകൾ നല്ലതാണെന്നും” കമന്റുകൾ വരുന്നുണ്ട്.















