തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ രാഷ്‌ട്രപതിയ്‌ക്ക് കത്ത് നൽകാനാണ് ഗവർണറുടെ നീക്കം. മലപ്പുറം പരാമർശത്തെ തുടർന്നുള്ള വിവാദങ്ങൾ കത്തുന്നതിനിടെയാണ് കടുത്ത നടപടികളുമായി ഗവർണറും മുന്നോട്ട് പോകുന്നത്. അഭിമുഖത്തിലെ മലപ്പുറം പരാമർശം പിൻവലിച്ച് ഹിന്ദു വിശദീകരണം നൽകിയെങ്കിലും വിഷയം ഗൗരവകരമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ.
വിഷയത്തിൽ കൂടുതൽ വിശദീകരണം ലഭിക്കുന്നതിനായി ഗവർണർ വീണ്ടും സർക്കാരിന് കത്ത് നൽകും. ഇതിന് കൃത്യമായ പ്രതികരണം ലഭിച്ചതിന് ശേഷമായിരിക്കും രാഷ്‌ട്രപതിക്ക് റിപ്പോർട്ട് നൽകുക. കഴിഞ്ഞ ദിവസം ഗവർണർ വിശദീകരണം തേടി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഗവർണറുടെ ആവശ്യം തള്ളുകയായിരുന്നു. ഇതോടെയാണ് ഗവർണറും നിലപാട് കടുപിച്ചത്.
ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനിലേക്ക് നേരിട്ടെത്താൻ ആവശ്യപ്പെട്ടത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാരിനെതിരെ ഗവർണർ രൂക്ഷ വിമർശനവും ഉന്നയിച്ചു. സർക്കാർ എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സാങ്കേതികത്വം പറഞ്ഞ് ക്രിമിനൽ പ്രവർത്തനം മറച്ചുവയ്‌ക്കാൻ ശ്രമിക്കരുതെന്നും ഗവർണർ പറഞ്ഞു.















