അനേകം ഗുണങ്ങളുണ്ടെങ്കിലും അധികമാരും കഴിക്കാത്ത പഴങ്ങളിൽ ഒന്നാണ് കിവിപ്പഴം. ധാരാളം വിറ്റാമിൻ അടങ്ങിയ കിവിപ്പഴത്തിന് അത്രതന്നെ ഗുണങ്ങളുമുണ്ട്. ഇത് ആരോഗ്യത്തിന് മാത്രമല്ല, ചർമ സംരക്ഷണത്തിനും മുഖകാന്തിയ്ക്കും ഉത്തമമാണ്. അകാല വാർദ്ധക്യം ഇല്ലാതാക്കുന്നതിനും തൊലിപ്പുറത്തുണ്ടാകുന്ന ചുളിവുകൾ അകറ്റുന്നതിനും കിവിപ്പഴം സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കിവിപ്പഴം. കിവി കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
രക്തസമ്മർദ്ദം നിയന്ത്രിക്കും
രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് അത്യുത്തമമാണ് കിവിപ്പഴം. എല്ലാ ദിവസവും കിവി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
ദഹനം സുഗമമാക്കും
ഓരോ 100 ഗ്രാം കിവിയിലും മൂന്ന് ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ അലിയിക്കുന്ന എൻസൈമുകൾ കിവിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അവയെ വളരെ വേഗത്തിൽ അമിനോ ആസിഡുകളുമായി വിഘടിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ ദഹനം സുഗമമാക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും
പോഷകഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള കിവിപ്പഴം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കരളിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഫാറ്റി ലിവർ രോഗങ്ങളെ തടയുന്നതിനുള്ള ആന്റിഓക്സിഡന്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ കുറയ്‌ക്കാം
കിവിപ്പഴം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്‌ക്കാൻ സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതകൾ കുറയുമെന്നാണ് വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കുന്നത്.















