ധാക്ക: മുൻ പ്രസിഡന്റ് ഷെയ്ഖ് ഹസീനക്കെതിരായ അട്ടിമറിയെത്തുടർന്നുണ്ടായ ഭരണമാറ്റത്തിന് പിന്നാലെ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ അന്താരാഷ്‌ട്രതലത്തിൽ നിന്നും നിരവധി വിമർശനങ്ങൾ നേരിട്ട ബംഗ്ലാദേശ് സർക്കാർ മുഖം മിനുക്കാൻ ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി ദുർഗാപൂജയുടെ അവധി ഒരു ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു. പുതിയ റിപ്പോർട് അനുസരിച്ച് ബംഗ്ലാദേശിലെ ദുർഗാപൂജ അവധി വ്യാഴാഴ്ച മുതൽ നാല് ദിവസം നീണ്ടുനിൽക്കും.ദുർഗാപൂജയുടെ സുഗമവും സന്തോഷകരവുമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ഈ അധിക അവധി അനുവദിച്ചിരിക്കുന്നതെന്ന് ചീഫ് അഡ്വൈസറുടെ സ്പെഷ്യൽ അസിസ്റ്റൻ്റ് മഹ്ഫൂജ് ആലം ചൊവ്വാഴ്ച രാവിലെ ധകേശ്വരി ക്ഷേത്രത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതുകൂടാതെ, ബുദ്ധമത സമൂഹത്തിന് “കതിൻ ചിബർ ദാൻ” സുഗമമായി ആഘോഷിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുടനീളമുള്ള എല്ലാ പൂജാ മണ്ഡപങ്ങളും പോലീസ്, ആർഎബി, ഇൻ്റലിജൻസ് ഏജൻസികൾ ഐപി ക്യാമറകൾ വഴി നിരീക്ഷിക്കുമെന്ന് ചീഫ് അഡ്വൈസറുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി അപൂർബ ജഹാംഗീർ ചൊവ്വാഴ്ച വൈകുന്നേരം പറഞ്ഞു.
അതിനിടെ ദുർഗാപൂജ എല്ലാവരുടെയും ഉത്സവമാണെന്ന് പ്രൊഫ: മുഹമ്മദ് യൂനസ് പ്രസ്താവിച്ചു.രാജ്യത്തെ ഹിന്ദു സമുദായാംഗങ്ങൾക്കു നൽകിയ ദുർഗാ പൂജ ആശംസയിലാണ് മുഖ്യ ഉപദേഷ്ടാവ് പ്രൊഫ മുഹമ്മദ് യൂനുസ്, ബംഗ്ലാദേശ് സാമുദായിക സൗഹാർദ്ദത്തിന്റെ രാജ്യമാണെന്ന് പറഞ്ഞത്. “ദുർഗ്ഗാപൂജ ഹിന്ദു സമൂഹത്തിന്റെ മാത്രം ഉത്സവമല്ല… അത് ഇപ്പോൾ എല്ലാവരുടെയും ഉത്സവമായി മാറിയിരിക്കുന്നു. ദുഷ്ടശക്തികളുടെ നാശവും സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ആരാധനയുമാണ് ഉത്സവത്തിന്റെ പ്രധാന സവിശേഷതകളെന്നും” അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.