പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്‌ക്ക് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. പത്തനംതിട്ട ഡിഎംഒയോട് ആരോഗ്യവകുപ്പ് ഡയറക്ടർ അടിയന്തര റിപ്പോർട്ട് തേടി.
ദിവ്യാംഗയായ വിജയശ്രീയാണ് സർക്കാർ ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ഡോക്ടർ 12,000 രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു.
എന്നാൽ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യാൻ പണം ആവശ്യപ്പെട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം. പ്രൈവറ്റ് പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് ശസ്ത്രക്രിയ ചെയ്യാനാണ് തുക ആവശ്യപ്പെട്ടതെന്നാണ് ഡോക്ടർ പറഞ്ഞു. പരാതിക്കാരിയുടെ സഹോദരിയെയാണ് ചികിത്സയ്‌ക്കായി കൊണ്ടുപോയത്.