മുംബൈ: ബോളിവുഡ് താരം സൽമാൻഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ വിവാദത്തിൽ. കഴുതയെ ബിഗ് ബോസ് ഹൗസിൽ കൊണ്ടുവന്നതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ഗദ്ദാരാജ് എന്ന് പേരിട്ട കഴുതയുടെ സംരക്ഷണവും പരിപാലനവും മത്സരാർത്ഥികളാണ് നിർവഹിക്കേണ്ടത്. റിയാലിറ്റി ഷോയിൽ മൃഗത്തെ ഉൾപ്പെടുത്തിയതിനെതിരെ മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്ത് വന്നു.
ബിഗ് ബോസ് ഹൗസിൽ കഴുതയെ വളർത്തുന്നതിൽ പൊതുജനങ്ങൾക്കും സംഘടയ്ക്കും ആശങ്കയുണ്ട്. ഒരു ഷോ സെറ്റിൽ മൃഗങ്ങളെ ഉപയോഗിക്കുന്നത് ചിരിച്ച് തള്ളാവുന്ന കാര്യമല്ല. പരിപാടിയുടെ അവതാരകനും താരവും എന്ന നിലയിൽ തന്റെ സ്വാധീനം ഉപയോഗിച്ച് കഴുതയെ പെറ്റ ഇന്ത്യയ്ക്ക് കൈമാറാൻ സംഘടന സൽമാനോട് അഭ്യർത്ഥിച്ചു.
പെട്ടെന്ന് പേടിക്കുന്ന സ്വഭാവമുള്ള മൃഗമാണ് കഴുത. അതുകൊണ്ടുതന്നെ ഷോയുടെ ഫ്ളോറില്‍ ഉപയോഗിക്കുന്ന ലൈറ്റുകളും ശബ്ദങ്ങളുമെല്ലാം അവയെ കൂടുതല്‍ പരിഭ്രാന്തരാക്കും. ഷോയുടെ സെറ്റ് ഒരിക്കലും മൃഗങ്ങലെ കൊണ്ടുവരാൻ പാടില്ലെന്നും പെറ്റയുടെ അഭിഭാഷകൻ ശൗര്യ അഗർവാൾ എഴുതിയ കത്തിൽ പറയുന്നു.
ബിഗ് ബോസിന്റെ ആദ്യ ദിവസമാണ് സൽമാൻഖാൻ കഴുതയെ അവതരിപ്പിച്ചത്, 18 മത്സരാർത്ഥിക്ക് പിന്നാലെയാണ് കഴുതയെ അവതരിപ്പിച്ചത്.മത്സരാർത്ഥി സ്വയം തീരുമാനിച്ചാണ് പോകുന്നത്, എന്നാൽ കഴുത അങ്ങനെയല്ലെന്ന് അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.















