തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനിൽ നിന്നാണ് പ്രാഥമിക അംഗത്വം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം ഈശ്വര വിലാസത്തെ വസതിയിലാണ് ചടങ്ങ് നടന്നത്.
നരേന്ദ്രമോദിയുടെ പ്രഭാവമാണ് പാർട്ടിയിലേക്ക് എത്തിച്ചതെന്ന് ശ്രീലേഖ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ആദർശങ്ങളിൽ വിശ്വാസമുണ്ട്. 33 വർഷം നിഷ്പക്ഷമായി പ്രവർത്തിച്ചു. അതിന് ശേഷം അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തിൽ ഇതാണ് തന്റെ വഴിയെന്ന് തോന്നി. ബിജെപിയിലൂടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് കൈവരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. 26ാ മത്തെ വയസിൽ റിസർവ് ബാങ്കിൽ ഓഫിസറായി ജോലി ചെയ്യുന്നതിനിടെയാണ് സിവിൽ സർവ്വീസ് നേടിയെടുത്തത്. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. ഗതാഗത കമ്മീഷണറായും കേരള ജയിൽ ഡിജിപിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. എഴുത്തുകാരി കൂടിയായ ശ്രീലേഖ പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.