അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കി അറിവിന്റെ വെളിച്ചം പകരുന്ന കാലമാണ് നവരാത്രി. അശ്വിന മാസത്തിലെ വെളുത്ത പക്ഷത്തിലെ പ്രഥമ മുതലാണ് ശരദ് നവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ഈ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് പൂജവെപ്പ്. കുട്ടികൾ തങ്ങളുടെ പഠനോപകരണങ്ങൾ ദേവിക്കുമുന്നിൽ സമർപ്പിച്ചു പൂജിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഓരോ മനുഷ്യനും ജീവിതകാലം മുഴുവൻ ഒരു പഠിതാവും കൂടി ആയതു കൊണ്ട് മുതിർന്നവരും ഇതിൽ പങ്കാളികളാകുന്നു. അവർക്ക് ഗ്രന്ഥങ്ങൾ ദേവീസമക്ഷം പൂജ വെക്കാവുന്നതാണ്.
ഇതും വായിക്കുക
പൂജ വെക്കേണ്ടതെങ്ങിനെ ?; പൂജ വെക്കുമ്പോഴും എടുക്കുമ്പോഴും എന്തെല്ലാം ശ്രദ്ധിക്കണം ?
നവരാത്രി ദിനങ്ങളില്‍ അവസാനത്തെ മൂന്ന് ദിനത്തിലാണ് പൂജ വെപ്പ്. ശരദ് നവരാത്രിയിലെ അഷ്ടമിയെ ദുർഗ്ഗാഷ്ടമി എന്നാണ് പറയുക. സായം കാലത്ത് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജവെക്കേണ്ടത്. തൊഴിലാളികളും കരകൗശലവിദഗ്ധരും എല്ലാം തന്നെ അവരവരുടെ തൊഴിലുപകരണങ്ങളും പണിയായുധങ്ങളും പൂജയ്‌ക്കു വേണ്ടി സമര്‍പ്പിക്കണം. സാധാരണ ഗതിയിൽ ക്ഷേത്രങ്ങളിലാണ് പൂജ വെക്കുക. എന്നാൽ സ്വന്തം വീട്ടിലും പൂജ വെക്കാവുന്നതാണ്.വീട്ടിൽ പൂജ വെക്കുമ്പോൾ ശുദ്ധിയുള്ള സ്ഥലത്തോ പൂജാമുറിയിലോ വേണം വെക്കാൻ.
അഷ്ടമി കഴിഞ്ഞാൽ പിന്നെ വരുന്നത് മഹാനവമിയാണ്. മഹാനവമി ദിവസം ആയുധ പൂജ നടത്തണം. അന്ന് നവദുർഗ്ഗമാരിൽ ഒമ്പതാമത്തെ ഭാവമായ സിദ്ധിദാത്രിയെ ആണ് ഭജിക്കുന്നത്. ഈ ദിവസം, ആചാരാനുഷ്ഠാനങ്ങളുടെയും സമ്പൂർണ്ണ ഭക്തിയുടെയും സഹായത്തോടെ ആത്മീയ പരിശീലനം നടത്തുന്ന ഒരു ഭക്തൻ എല്ലാ നേട്ടങ്ങളും കൈവരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ ഇന്ദ്രിയങ്ങളും ദേവിയിൽ കേന്ദ്രീകരിച്ച് ദേവിയുമായി ലയിച്ച് താദാദ്മ്യത്തിൽ എത്താൻ ശ്രമിക്കണം.
അതിനു ശേഷം പത്താം ദിവസം. അന്നാണ് വിജയദശമി. ഒമ്പതു ദിനരാത്രങ്ങൾ നിറഞ്ഞു നിന്ന കഠിന വ്രതം താണ്ടി അജ്ഞാനത്തെ നീക്കി ശുദ്ധീകരിക്കപ്പെട്ട് മുന്നോട്ടുള്ള കുതിപ്പിന് ഊർജം തേടുന്ന ദിവസമാണ് വിജയദശമി. മഹിഷാസുരനെതിരെ ദുർഗ്ഗാദേവി നേടിയ വിജയത്തെ അനുസ്മരിക്കുന്ന ദിനമാണിത്.
ഇതും വായിക്കുക
ദുർഗ്ഗാഷ്ടമി, മഹാനവമി , വിജയദശമി ദിനങ്ങളിൽ ജപിക്കേണ്ട ധ്യാനങ്ങൾ, സ്തുതികൾ കീർത്തനങ്ങൾ ഏതൊക്കെ
ഈ വർഷം കേരളത്തിൽ നവരാത്രിക്കാലത്ത് അഷ്ടമി തിഥി ആരംഭിക്കുന്നത് ഒക്ടോബർ 10ന് (കൊല്ലവർഷം 1200 കന്നി 24) വ്യാഴാഴ്ച ഉച്ചക്ക് 12. 35 നാണ് . പൂജ വയ്‌ക്കേണ്ടത് അഷ്ടമി തിഥിയുള്ള വൈകുന്നേരമാണ്. അതായത് ഒക്ടോബർ 10 വ്യാഴാഴ്ച (കന്നി 24 ) വൈകുന്നേരമാണ് പൂജവെക്കേണ്ടത്. അന്ന് വൈകുന്നേരം ബുധ ഹോരാ വരുന്ന സമയമായ 05 .07 പിഎം മുതൽ 06 .05 പിഎം വരെയാണ് പൂജ വെയ്‌ക്കാൻ അത്യുത്തമം.
വിദേശരാജ്യങ്ങളിൽ അതാത് സഥലത്തെ അസ്തമയം കണക്കാക്കി വേണം പൂജ വെക്കാൻ. എപ്പോൾ പൂജ വെച്ചാലും അപ്പോൾ മുതൽ വിജയദശമി വരെ പൂർണ്ണ വ്രതത്തിൽ ആയിരിക്കണം. ദീക്ഷയോ പഠനമോ പാടില്ല.
ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചക്ക് 12 .07 പിഎം വരെ അഷ്ടമി നീളും.
ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചക്ക് 12 .08 മുതൽ ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 . 58 വരെ നവമി.
ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 . 58 മുതൽ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 09 .09 വരെ ദശമി.
ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 . 58 മുതൽ ദശമി തുടങ്ങും. അതോടെ വിജയ ദശമി ആയെങ്കിലും, പൂജയെടുക്കേണ്ടത് പിറ്റേദിവസം രാവിലെ ഉഷ പൂജക്ക് ശേഷമാണ്. വീടുകളിൽ പുസ്തകം പൂജവെച്ചിരിക്കുന്നവരും തൊട്ടടുത്തുള്ള ക്ഷേത്രത്തിലെയോ ദേശ ദേവതയുടെയോ ഉഷഃപൂജക്കു ശേഷം പൂജയെടുപ്പ് നടത്താവുന്നതാണ്. ദശമി അന്ന് 09 .09 വരെ ഉള്ളത് കൊണ്ട് അന്നാണ് വിജയദശമി. വിജയ ദശമി ദിവസം വിദ്യാരംഭത്തിനോ പൂജയെടുപ്പിനോ ഒന്നും ബുധ മൗഢ്യമോ രാഹുകാലമോ നോക്കേണ്ടതില്ല. ദശമി തിഥിയിലെ ഉഷഃപൂജക്ക് ശേഷമുള്ള ഏത് സമയവും അനുയോജ്യമാണ്.















