പൂജവെയ്പ്പ്, ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഒക്ടോബർ 11 മുതൽ 13 വരെ ഇന്ത്യയിലെമ്പാടും വിവിധ ആഘോഷങ്ങൾ അരങ്ങേറുകയാണ്. ഈ ദിവസങ്ങളിൽ ബാങ്കിംഗ് സേവനങ്ങളും പരിമിതപ്പെടും. ഏതൊക്കെ ദിവസങ്ങളിൽ എവിടെയൊക്കെയാണ് ബാങ്ക് അവധി എന്ന് അറിയാം..
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം ബാങ്കുകൾക്ക് പ്രഖ്യാപിച്ച അവധികളിങ്ങനെ:
ഒക്ടോബർ 10, വ്യാഴാഴ്ച: അഗർത്തല, ഗുവാഹത്തി, കൊഹിമ, കൊൽക്കത്ത എന്നീ ബ്രാഞ്ചുകളിലെ എല്ലാ ബാങ്കുകൾക്കും അവധിയാണ്. ദുർഗാപൂജ, ദസ്സറ, മഹാസപ്തമി എന്നിവയോട് അനുബന്ധിച്ചാണിത്.
ഒക്ടോബർ 11, വെള്ളിയാഴ്ച: ആയുധപൂജ, ദുർഗാപൂജ, ദുർഗാഷ്ടമി എന്നിവയോടനുബന്ധിച്ച് അഗർത്തല, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഗാംഗ്തോക്, ഗുവാഹത്തി, ഇംഫാൽ, ഇറ്റാനഗർ, കൊഹിമ, കൊൽക്കത്ത, പട്ന, റാഞ്ചി, ഷില്ലോംഗ് എന്നിവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്.
ഒക്ടോബർ 12, ശനിയാഴ്ച: ദസറയും രണ്ടാംശനിയുമായതിനാൽ രാജ്യത്തെമ്പാടുമുള്ള ബാങ്കുകൾ അടച്ചിടും. പിറ്റേന്ന് ഞായറാഴ്ചയും ബാങ്ക് അവധിയാണ്. തൽഫലമായി അഗർത്തല, ഗുവാഹത്തി. കൊഹിമ, കൊൽക്കത്ത എന്നീ സ്ഥലങ്ങളിലെ ബാങ്കുകൾക്ക് നാല് ദിവസം തുടർച്ചയായി അവധിയായിരിക്കും. ബാങ്ക് ജീവനക്കാർക്ക് അടുപ്പിച്ച് നാല് ദിനം അവധിക്കാലം ആഘോഷിക്കാം.
ഈ കാലയളവിൽ പൊതുജനങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ബാങ്കുമായി നേരിട്ട് ബന്ധപ്പെടേണ്ടതായ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ല. അതിനാൽ അവധി മുൻകൂട്ടി കണ്ട് ബാങ്കുകളെ സമീപിക്കേണ്ടതാണ്. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾക്ക് തടസമുണ്ടാകില്ല. യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ച് ഇടപാടുകൾ നടത്താവുന്നതാണ്.