കോഴിക്കോട്: കണ്ണൂരിൽ നിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കോഴിക്കോടുനിന്നും കണ്ടെത്തി. തളിപ്പറമ്പ് സാൻജോസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ആര്യനെ(14) യാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്.
തളിപ്പറമ്പ് പൂക്കോത്തുതെരു സ്വദേശിയാണ് ആര്യൻ. റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്റ്റേഷനിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് ആര്യനുമായി കണ്ണൂരിലേക്ക് തിരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കുട്ടിയ കാണാതായത്. വൈകീട് നാലിന് ക്ലാസ് കഴിഞ്ഞ ശേഷം ആര്യൻ സ്കൂൾ ബസിൽ തളിപ്പറമ്പിനടുത്തുള്ള ബൈക്കളത്ത് ഇറങ്ങുകയായിരുന്നു. അമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി ഇവിടെ ഇറങ്ങിയത്.
ഇതിന്റെ സിസിടിവിദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂർ നഗരത്തിൽ കുട്ടിഎത്തിയെന്ന് വിവരം ലഭിച്ചതോടെ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ കുട്ടിയെകുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇന്ന് പരശുറാം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ റെയിൽവേ പൊലീസാണ് തിരിച്ചറിഞ്ഞത്.