കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്‌ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. ശരിയത്ത് നിയമം ലംഘിച്ചെന്നാരോപിച്ച് മുസ്ലിം പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരായ നിയമ നടപടി ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. അബ്‌ദുൾ നൗഷാദ് കോട്ടക്കൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഒരു പൊതുപരിപാടിക്കിടെ മുസ്ലിം പെൺകുട്ടി മുൻധനകാര്യമന്ത്രി തോമസ് ഐസക്കിന് കൈകൊടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പെൺകുട്ടി ശരിയത്ത് നിയമം ലംഘിച്ചുവെന്നും ഒരു മുസ്ലീം സ്ത്രീയെന്ന നിലയിൽ മറ്റൊരു പുരുഷനെ സ്പർശിച്ചതിലൂടെ തെറ്റായ ബന്ധമാണ് ഉണ്ടായതെന്നും വീഡിയോ പ്രചരിപ്പിച്ച അബ്‌ദുൾ നൗഷാദ് ആരോപിച്ചിരുന്നു.
അഭിവാദ്യം, ബഹുമാനം, മര്യാദ, ഉടമ്പടി, ഇടപാട്, സൗഹൃദം, ഐക്യദാർഢ്യം മുതലായവയെ പ്രതീകപ്പെടുത്തുന്ന പരമ്പരാഗത ആംഗ്യമാണ് ‘ഹസ്തദാനം’ എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല, ഭരണഘടനയാണ് പരമോന്നതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മർകസ് ലോ കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി മുൻ ധനമന്ത്രി തോമസ് ഐസക്കുമായുള്ള സംവാദ സെഷനിൽ പങ്കെടുക്കവെ സമ്മാനങ്ങൾ ലഭിച്ചപ്പോൾ അത് ഏറ്റുവാങ്ങിയ ശേഷം ഹസ്തദാനം നൽകുകയായിരുന്നു. ഇതിനെയാണ് അബ്‌ദുൾ നൗഷാദ് തെറ്റായി വളച്ചൊടിച്ചതെന്ന് പരാതിക്കാരിയായ പെൺകുട്ടി ആരോപിച്ചു. ഇവരുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് അബ്‌ദുൾ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്.