ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്റെ സാധനങ്ങൾ അവിടെ നിന്നും ഒഴിപ്പിച്ചെന്നും അതിഷി പറയുന്നു. രണ്ട് ദിവസം മുൻപാണ് അതിഷി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയത്.
ഡൽഹി സിവിൽ ലൈൻസിലെ 6 ഫ്ളാഗ് സ്റ്റാഫ് റോഡിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. കെജ് രിവാൾ മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും വസതി ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറയുന്നത്. വീട് ഔദ്യോഗികമായി കൈമാറുന്നതിന് മുൻപേ അതിഷി അവിടെ സാധനങ്ങളുമായി കയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. എബി 17 വസതി അതിഷിക്ക് കഴിഞ്ഞ വർഷം മന്ത്രിയെന്ന നിലയിൽ അനുവദിച്ചിരുന്നു. അത് നിലനിൽക്കെയാണ് പ്രോട്ടോകോൾ മറികടന്ന് പുതിയ വീട്ടിലേക്ക് അതിഷി കടന്നുകയറിയതെന്ന് ബിജെപിയും ആരോപിച്ചു.
വസതി കൈമാറണമെന്ന് ആവശ്യപ്പെട്ട് കെജ് രിവാളിന് പിഡബ്ല്യൂഡി കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിലാണ് അതിഷി താമസത്തിനെത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഡൽഹി മദ്യനയക്കേസിൽ ജയിലിലായിരുന്ന കെജ് രിവാൾ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രാജിവച്ച് അതിഷിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനങ്ങളുടെ അംഗീകാരം നേടിയ ശേഷമേ മുഖ്യമന്ത്രിപദം ഇനിയും ഏറ്റെടുക്കുവെന്നാണ് കെജ് രിവാൾ പറയുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പദവി ഒഴിയൽ.
ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ട തർക്കം അടുത്ത വിവാദമാക്കാനുളള നീക്കത്തിലാണ് എഎപി. രാജ്യത്ത് ആദ്യമായിട്ടാകും ഒരു മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കുന്നതെന്ന് എഎപി പറയുന്നു. പതിവുപോലെ ആരോപണം ലഫ്. ഗവർണർക്ക് നേരെ തിരിക്കുകയും ചെയ്തു. ലഫ്. ഗവർണറാണ് ഇതിന് പിന്നിലെന്നും ബിജെപിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും അതിഷി ആരോപിച്ചു.
കെജ് രിവാൾ മുഖ്യമന്ത്രിയായിരിക്കെ വീടിന്റെ അനധികൃത പുനർനിർമാണവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2015 ലാണ് കെട്ടിടം ക്യാമ്പ് ഓഫീസായി കെജ് രിവാളിന് കൈമാറിയത്. 2020-21 ൽ കെജ് രിവാൾ കെട്ടിടം പൊളിച്ചുപണിതുവെന്നാണ് ആരോപണം. ഇതിന്റെ ചെലവുമായി ബന്ധപ്പെട്ടും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. വിജിലൻസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തുകയും പിഡബ്ല്യൂഡിയിലെ പത്ത് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.















