പൂജവെയ്പ്പ്, ദുർഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ സെൻട്രൽ – കോട്ടയം, മംഗളൂരു ജംഗ്ഷൻ – എറണാകുളം എന്നീ രണ്ട് സർവീസുകളാണ് ദക്ഷിണ റെയിൽവേ പ്രത്യേകം അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു.
സംസ്ഥാനത്ത് നാല് സ്റ്റോപ്പുകളാണ് ട്രെയിനിനുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. കൂടാതെ 10 ജനറൽ കോച്ചുകളും എട്ട് സ്ലീപ്പറും ഇതിലുണ്ടാകും.
രാത്രി 11.55ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചയ്‌ക്ക് 1.45ന് കോട്ടയത്ത് എത്തും. ഒക്ടോബർ 10, 12 തീയതികളിലാണ് ഈ സർവീസുള്ളത്. തിരിച്ച് വൈകിട്ട് 4.45ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 8.20ന് ചെന്നൈയിലെത്തുന്നതാണ്. ഒക്ടോബർ 11, 13 തീയതികളിലാണ് മടക്ക സർവീസ്.
എണറാകുളം – മംഗളൂരു ട്രെയിൻ (06155) ഒക്ടോബർ 10 മുതൽ സർവീസ് നടത്തും. ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ എന്നിങ്ങനെയാണ് സ്റ്റോപ്പ്.