ഭാരതത്തിന്റെ വ്യവസായ മേഖലയിൽ പുത്തൻ കാഴ്ചപ്പാടുകൾ സമ്മാനിച്ച അതികായൻ രത്തൻ ടാറ്റയ്‌ക്ക് വിട. വ്യവസായ പ്രമുഖൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് 86-ാം വയസിൽ വിടപറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന് പകരം വയ്‌ക്കാൻ മറ്റൊരാളില്ല. നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ചിരിക്കുന്നത്.
കോർപ്പറേറ്റ് വളർച്ചയ്‌ക്കൊപ്പം രാഷ്‌ട്ര നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റയെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ഓർമിച്ചു. ടാറ്റയ്‌ക്ക് ആഗോള പദവി നൽകിയതും അദ്ദേഹമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേതെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു. എപ്പോൾ കണ്ടാലും ഭാരതത്തിന്റെയും പൗരന്മാരുടെയും ഉന്നമനത്തിനായി എന്ത് ചെയ്യാമെന്നാണ് അദ്ദേഹം ആലോചിക്കുന്നതെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അമിത് ഷാ ഓർമ്മിച്ചു.
ബൃഹത്തായ സംഭാവനകളുടെ പേരിൽ അറിയപ്പെടുന്ന ഇന്ത്യൻ വ്യവസായ പ്രമുഖനായിരുന്നു അദ്ദേഹമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. വ്യാവസായിക മേഖലയ്‌ക്കപ്പുറമുള്ള ഒരു യഥാർത്ഥ മനുഷ്യസ്‌നേഹിയെയാണ് ഇന്ത്യയ്‌ക്ക് നഷ്ടമായതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു പറഞ്ഞു. കഴിവും മിടുക്കും കൊണ്ട് ഇന്ത്യയുടെ വ്യവസായിക മേഖലയെ മാറ്റിമറിച്ചയാളാണ് രത്തൻ ടാറ്റയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്സിൽ കുറിച്ചു.
വ്യവസായ രംഗത്ത് ടാറ്റയുടെ സ്വാധീനത്തെ കുറിച്ചും രത്തൻ ടാറ്റയുടെ സംഭാവനകളെ കുറിച്ചും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെെയും അനുസ്മരിച്ചു. അസാധാരണമായ ബിസിനസ് ശൈലിയും ജീവകാരുണ്യ പൈതൃകവും സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയുടെ ആധുനിക ബിസിനസ് രംഗത്തെ വികസനത്തിന്റെ പാതയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചളായാണ് രത്തൻ ടാറ്റയെന്നും അദ്ദേഹം പറഞ്ഞു.















