ഉത്തർപ്രദേശ്: വാരാണസിയിലെ സമ്പൂർണാനന്ദ സ്റ്റേഡിയം പ്രധാനമന്ത്രി നരേന്ദ്രമോദി 20-ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ കായികമേഖലയ്‌ക്ക് ഊന്നൽ നൽകുന്ന ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ കീഴിൽ നിർമിച്ച സ്റ്റേഡിയമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. വാരാണസിയിലെ സിഗ്ര പ്രദേശത്താണ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്.
സ്റ്റേഡിയത്തിന് സമീപത്തായി നിർമിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. 150-ലധികം മുറികളാണ് ഹോസ്റ്റലിൽ ഒരുക്കിയിട്ടുള്ളത്. കായിക താരങ്ങൾക്കായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഹോസ്റ്റൽ നിർമിച്ചിരിക്കുന്നത്. ജൂഡോ, കരാട്ടെ, ടേബിൾ ടെന്നീസ്, ഷൂട്ടിംഗ്, ലോൺ ടെന്നീസ്, ക്രിക്കറ്റ്, ഹോക്കി തുടങ്ങിയ 50 ലധികം കായികയിനങ്ങൾ പരിശീലിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ടാകും.
കാണികൾക്ക് കായികയിനങ്ങൾ ആസ്വദിക്കാനും, താരങ്ങൾക്ക് പരിശീലനം നടത്തി മത്സരങ്ങളിൽ മികവ് പുലർത്താനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ജുൺ18-ന് പ്രധാനമന്ത്രി സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. സ്റ്റേഡിയവും സ്‌പോർട്‌സ് കോംപ്ലക്‌സും വാരണാസിയിലെ യുവാക്കൾക്ക് പ്രചോദനമാകും.
അതേസമയം, 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാനായി പ്രധാനമന്ത്രി ലാവോസിലേക്ക് പുറപ്പെട്ടു. ലാവോസ് പ്രധാനമന്ത്രി സോനെക്‌സയ് സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ലാവോസിലേക്ക് തിരിച്ചത്.















