അടിക്കുമ്പോഴല്ല വേദന, അടി കിട്ടിക്കഴിഞ്ഞാണ്; പഠിച്ച സ്‌കൂളിലെ അദ്ധ്യാപകരുടെ ചൂരൽ പ്രയോഗം ഓർത്തെടുത്ത് സുരേഷ് ഗോപി

Published by
Janam Web Desk

കൊല്ലം: പഠിച്ച വിദ്യാലയത്തിൽ അതിഥിയായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആം​ഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലാണ് സുരേഷ് ഗോപി എത്തിയത്. സ്കൂളും പൂർവവിദ്യാർഥി സംഘടനയും ചേർന്ന് ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങാനായിരുന്നു മന്ത്രി എത്തിയത്. പഠനകാലത്തെ ഓർമകൾ അദ്ദേഹം കുട്ടികളുമായി പങ്കിട്ടു. തന്നെ പഠിപ്പിച്ച അദ്ധ്യാപകരുടെ പേരുൾപ്പടെ അദ്ദേഹം ഓർത്തു പറഞ്ഞത് കുട്ടികളിൽ കൗതുകമുണർത്തി.

കുട്ടിക്കാലത്ത് കിട്ടിയ അടികളെ കുറിച്ചും കേന്ദ്രമന്ത്രി വാചാലനായി. അടിക്കുമ്പോഴല്ല വേദന, അടിച്ച് കഴിയുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. തലയിൽ എണ്ണ തേച്ച് വരുന്നവർക്കാണ് അടിയുടെ വേദന അൽപമെങ്കിലും കുറഞ്ഞിരിക്കുക. തുണ്ടിൽ അച്ഛൻ അപ്പുറത്തെ ക്ലാസിൽ ചൂരൽ പ്രയോ​ഗത്തിന്റെ ശബ്ദം കേള‍ക്കുമ്പോൾ തന്നെ ഇവിടെ തലയിൽ കൈ തടവി എണ്ണമയം കയ്യിലാക്കുന്നവർ ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.  ഇതിന് പിന്നാലെ കുട്ടികൾക്കിടയിൽ നിന്ന് കൂട്ടച്ചിരി ഉയർന്നു. അച്ഛൻ അന്ന് ഇല്ലായിരുന്നുവെങ്കിൽ ജീവിതത്തിലെ ആ രസം എന്താണെന്ന് അറിയാൻ സാധിക്കാതെ പോയേനെ. ജിവിതത്തിൽ ബുദ്ധിമുട്ടുകളും വേദനകളും ഇല്ലെങ്കിൽ ജീവിതത്തിൽ‌ സന്തോഷ മുഹൂർത്തങ്ങൾക്ക് മൂല്യമില്ലാതെയാകുമെന്നും സുരേഷ് ​ഗോപി ഓർമ്മിപ്പിച്ചു.

താനല്ല തന്റെ അനുഭവങ്ങളാണ് തുറന്ന പുസ്തകമെന്നും അദ്ദേഹം പറ‍ഞ്ഞു. സമൂഹം എനിക്ക് നൽകിയ നല്ലതും ചീത്തയുമായ അനുഭവങ്ങളാണ് തുറന്ന പുസ്തകം. ആ തുറന്ന പുസ്തകം തീർച്ചായും അറിഞ്ഞോളൂ, വായിച്ചോളൂവെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.

വിജയം കൈവരിക്കും വരെ പരിശ്രമിക്കണമെന്ന സന്ദേശവും അദ്ദേഹം പങ്കിട്ടു. പാഠങ്ങൾ പഠിക്കാനാണ് നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഇവിടെ നിന്ന് എന്തൊക്കെ സദ്​ പാഠങ്ങൾ പഠിപ്പിച്ച് വിട്ടുവോ, ആ സദ് വഴികളിലൂടെ തന്നെ നടക്കാൻ സാധിക്കണമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Share
Leave a Comment