രജനീകാന്തിന്റെ സൂപ്പർ മാസ് ചിത്രം വേട്ടയന് മികച്ച പ്രതികരണം. ഓരോ കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും എടുത്തുപറഞ്ഞുകൊണ്ടാണ് പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തന്നെ തിയേറ്ററുകൾക്ക് മുന്നിൽ തലൈവർ ഫാൻസ് തമ്പടിച്ചിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ആരാധകർ റിലീസ് ആഘോഷമാക്കി. ചിത്രം കണ്ടിറങ്ങിയതോടെ ആരാധകരുടെ ആഘോഷം വാനോളമായി.
ഓരോ സീനുകൾ കാണുമ്പോഴും രോമാഞ്ചം തോന്നിയെന്നാണ് ആദ്യ പ്രതികരണങ്ങളിൽ ആരാധകർ പറയുന്നത്. മുഴുനീള സസ്പെൻസ് ത്രില്ലർ സിനിമയാണെന്നും പ്രേക്ഷകർ പറയുന്നു. “ജയിലർ പോലെ ഒരുപാട് ആക്ഷൻ രംഗങ്ങളുണ്ട്, ഉഗ്രൻ കഥയും കഥാപാത്രങ്ങളും, ചിത്രത്തിന്റെ ഗാനങ്ങളും വളരെ നല്ലതാണ്, വെറെ ലെവൽ ചിത്രമാണിത്, എല്ലാവരും തിയേറ്ററിൽ പോയി കാണണം, തിയേറ്റർ എക്സിപീരിയൻസ് ചെയ്യാനുള്ള സിനിമ, ഒരിക്കലും പ്രതീക്ഷിക്കാത്ത എൻട്രിയാണ് രജനീകാന്തിന്, ഫഹദ് ഫാസിൽ തകർത്തഭിനയിച്ചു, ഓരോ കഥാപാത്രങ്ങളും നന്നായി അഭിനയിച്ചു”- പ്രേക്ഷകർ പറഞ്ഞു.
സമൂഹത്തിന്റെ പൊതുവിഷയം പറയുന്ന സിനിമ തിയേറ്ററിലെത്തി ആസ്വദിക്കണമെന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഫഹദിന്റെ എന്റർടൈനർ കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തുവെന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ആദ്യ 20 മിനിറ്റ് തലൈവറുടെ മാസ് പ്രകടനങ്ങളും പിന്നീട് ക്രൈം ഇൻവെസ്റ്റിഗേഷനിലേക്കും സിനിമ മാറുന്നു. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മഞ്ജു വാര്യറിന്റെ വേഷം സിനിമയിൽ നിർണായകമാണ്. രജനീകാന്തിനൊപ്പമുള്ള മഞ്ജു വാര്യരുടെ നൃത്തച്ചുവടുകൾ സമൂഹമാദ്ധ്യമങ്ങളിൽ എറെ വൈറലായിരുന്നു.
തലൈവറുന്റെ മാസ് ഡയലോഗുകൾ തിയേറ്ററിൽ ആവേശം കൊള്ളിച്ചു. അനിരുദ്ധിന്റെ പഞ്ചാത്തലസംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. ആവേശം പോലെ തമാശയിൽ കസറിയ പ്രകടനമാണ് ചിത്രത്തിൽ ഫഹദിന്റേത്. അമിതാഭ് ബച്ചൻ- രജനീകാന്ത് കോംമ്പോയ്‌ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.















