അങ്ങ് അന്റാർട്ടിക്കയിൽ അവസരമുണ്ടെന്ന് പറഞ്ഞാൽ പോകാൻ ആഗ്രഹിക്കാത്ത ആരാണുള്ളതല്ല. അടുത്തിടെ അന്റാർട്ടിക്കയിലെ മനുഷ്യവാസം കുറഞ്ഞ ഗൗടിയർ ദ്വീപിലുള്ള പെൻഗ്വിൻ പോസ്‌റ്റോഫീസിലേക്ക് പുതിയ ജോലിക്കാരെ യുകെ അന്വേഷിച്ചിരുന്നു. യുകെയിൽ താമസിച്ച് ജോലി ചെയ്യാൻ അനുവാദമുള്ള, ലോകത്തെവിടെയുളളവർക്കും ജോലിക്കായി അപേക്ഷിക്കാവുന്നതാണ്. യുകെ അന്റാർട്ടിക്ക് ഹെറിട്ടേജ് ട്രസ്റ്റാണ് പെൻഗ്വിൻ പോസ്‌റ്റോഫീസിലേക്കുള്ള നിയമന നടപടികൾ പൂർത്തിയാക്കിയത്.
അഞ്ചുപേരടങ്ങുന്ന സംഘം അടുത്തമാസം ജോലിയിൽ പ്രവേശിക്കും. ഇത്തവണ ഇംഗ്ലണ്ട് ബ്രിസ്റ്റോൾ സ്വദേശിയായ 34-കാരൻ ക്ലാർക്കാണ് പോസ്റ്റ്മാസ്റ്റർ. മറ്റ് നാല് പേരും ഉടൻ ടീമിൽ ചേരും. 1600 ഡോളർ മുതൽ 2300 ഡോളർ വരെയാണ് ഇവരുടെ ശമ്പളം. അതായത് രണ്ട് ലക്ഷം രൂപ വരെ സമ്പാദിക്കാമെന്ന് ചുരുക്കം. പോസ്റ്റ്മാസ്റ്റർ, ബെയ്‌സ് ലീഡർ, ഷോപ്പ് മാനേജർ, സഹായി തുടങ്ങിയ ഒഴിവിലേക്കായിരുന്നു നിയമനം. തെരഞ്ഞെടുക്കപ്പെട്ടവർ കേംബ്രിഡ്ജിലെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ജോലിയിൽ പ്രവേശിക്കുക.
മഞ്ഞ് മൂടി കിടക്കുന്ന അൻ്റാർട്ടിക്കയിൽ പോസ്റ്റോഫീസുണ്ടെന്നോ അവിടേക്ക് കത്തുകൾ വരുന്നുണ്ടോയെന്നൊക്കെ പറഞ്ഞാൽ ഒരുപക്ഷേ അത് വിശ്വസിക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. എന്നാൽ അഞ്ച് മാസക്കാലത്തിനിടെ ഏകദേശം 80,000-ത്തിലേറെ കത്തുകളാണ് ഇവിടേക്ക് ത്തുന്നത്. സീസൺ ആകുന്നതോടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി സന്ദർശകരെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പോർട്ട് ലോക്ക്‌റോ. 20,000-ത്തോളം സന്ദർശകരാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. ബ്രിട്ടനിൽ നിന്നും 9000 മൈൽ അകലെയാണ് ഇവിടം. പ്രത്യേക കപ്പലുകളിലും ഹെലികോപ്റ്ററുകളിലും സഞ്ചരിച്ചാണ് വിനോദ സഞ്ചാരികളെത്തുന്നത്.
ഇങ്ങനെ ഇവിടെ എത്തുന്നവരാണ് ലോകത്തിലെ ഏറ്റവും അകലെയുള്ള പോസ്റ്റോഫീസിൽ നിന്ന് ബന്ധുക്കൾക്ക് കത്തയയ്‌ക്കുന്നത്. ഈ കത്തുകളും കാർഡുകളും കൈകാര്യം ചെയ്യുകയാണ് ജീവനക്കാരുടെ പ്രധാന ജോലി. നവംബർ മുതൽ മാർച്ച് വരെ മാത്രമാണ് ഇവിടെ പോസ്റ്റോഫീസ് പ്രവർത്തിക്കുന്നത്. യുകെ സർക്കാരാണ് ഓരോ വർഷവും അഞ്ചംഗ സംഘത്തെ നിയമിക്കുന്നത്. കത്തുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ ഇവിടെ വിഹരിക്കുന്ന പെൻഗ്വിനുകളുടെ കണക്കെടുക്കുകയും വേണം.
ആരോഗ്യനില ഉൾപ്പടെ വിവിധ ഘട്ടങ്ങളിലായി പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ജീവനക്കാരെ ജോലിക്കെടുക്കുക. മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഇല്ലാതെ വേണം അഞ്ച് മാസക്കാലം താമസിക്കാൻ. ശേഖരിച്ച് വയ്‌ക്കുന്ന വെള്ളം മാത്രമാകും കുടിക്കാൻ ഉണ്ടാവുക. ഒറ്റമുറിയിലാകും താമസം. ഇടയ്‌ക്കിടെ ദ്വീപ് സന്ദർശിക്കുന്ന ഐസ്പട്രോൾ കപ്പലുകളാണ് ഇവർക്ക് വേണ്ട സഹായം ചെയ്യുന്നതും സാധനങ്ങൾ എത്തിക്കുന്നതും.















