ന്യൂഡൽഹി: ആണവ അന്തർവാഹിനികൾ തദ്ദേശിയമായി നിർമ്മിക്കാൻ രാജ്യം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാ കാബിനറ്റ് കമ്മിറ്റി 80,000 കോടി ചെലവിൽ രണ്ട് ആണവ അന്തർവാഹിനികളുടെ നിർമ്മാണത്തിന് അനുമതി നൽകി. യുഎസിൽ നിന്ന് 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള കരാറിനും അന്തിമ അനുമതി ലഭിച്ചതായി വാർത്താ ഏജൻസിയായി എൻഐഎ റിപ്പോർട്ട് ചെയ്തു.
വിശാഖപട്ടണത്തെ കപ്പൽ നിർമ്മാണ ശാലയിലാണ് അന്തർവാഹിനികളുടെ നിർമ്മാണം നടക്കുക. ലാർസൻ ആൻഡ് ടൂബ്രോ പോലുള്ള പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും പദ്ധതിയിൽ പങ്കാളികളാകും.
2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിലാണ് മെഗാ ഡ്രോൺ കരാർ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ. 31 എണ്ണത്തിൽ നാവികസേനയ്‌ക്ക് 15 എണ്ണവും കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും എട്ടുവീതവും ലഭിക്കും. യുപിയിൽ കര- വ്യോമ സേനകൾ ചേർന്ന് ഡ്രോണുകൾക്കായി ബേസ്സ്റ്റേഷൻ ഒരുക്കും.
കാബൂളിൽ അൽ-ഖ്വയ്ദ ഭീകരൻ അയ്മാൻ അൽ-സവാഹിരിയെ വധിക്കാൻ യുഎസ് ഉപയോഗിച്ചത് MQ-9B വിഭാഗത്തിൽപ്പെടുന്ന പ്രിഡേറ്റർ ഡോണുകളാണ്. പാക്- ചൈന അതിർത്തിൽ ആകാശ നിരീക്ഷണത്തിനും ഇത് ഉപയോഗിക്കും. ഒറ്റപ്പറക്കലിന് 35 മണിക്കൂർ ഇവയ്‌ക്ക് സഞ്ചരിക്കാം. കൂടാതെ നാല് ഹെൽഫയർ മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിക്കാൻ കഴിയും. 2020-ൽ ഇന്ത്യൻ മഹാസമുദ്രത്തിലെ നിരീക്ഷണത്തിനായി നാവികസേന ജനറൽ അറ്റോമിക്‌സിൽ നിന്ന് രണ്ട് MQ-9B സീ ഗാർഡിയൻ ഡ്രോണുകൾ ഒരു വർഷത്തേക്ക് പാട്ടത്തിനെടുത്തിരുന്നു.















