എറണാകുളം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുവെന്ന സർക്കാർ വാദത്തിൽ മാദ്ധ്യമങ്ങൾക്ക് നിർദേശവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നില്ലെന്നും എന്നാൽ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നും കോടതി നിർദേശിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ തയാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുകയുമായി ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിച്ചുവെന്നാണ് സർക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. വ്യാജ വാർത്തകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഉൾപ്പെടെ ബാധിക്കും. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് ചിന്തിക്കുന്നവർ പോലും അതിന് വിസമ്മതിക്കും. അതുകൊണ്ട് കോടതി ഇടപെട്ട് മാദ്ധ്യമങ്ങൾക്ക് നിർദേശം നൽകണമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
തെറ്റായ വാർത്തകൾ ദുരിതാശ്വാസ പ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. മാദ്ധ്യമങ്ങൾക്ക് എതെങ്കിലും തരത്തിലുള്ള നിയന്ത്രണം നൽകാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും പക്ഷേ, മാദ്ധ്യമങ്ങൾ ഉത്തരവാദിത്തം കാണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.