തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിൽ പൊലീസിനെതിരെ വിമർശനവുമായി കോടതി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി – 3 ആണ് വിമർശിച്ചത്. പൊലീസ് സുതാര്യമായ രീതിയിൽ അന്വേഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. മേയറും സംഘവും സഞ്ചരിച്ച കാർ പൊലീസ് എന്തുകൊണ്ടാണ് കണ്ടെത്താത്തതെന്നും പ്രതികളുടെ മൊഴി രേഖപ്പെടുത്താത്തത് എന്തെന്നും കോടതി ചോദിച്ചു.
കെഎസ്ആർടിസി ഡ്രൈവർ യദു കന്റോൺമെന്റ് സ്റ്റേഷനിലെ പൊലീസിനെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി വിമർശനം. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22-നകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കോടതി വ്യക്തമാക്കി.
മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് യദു കന്റോൺമെന്റ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരുവിധ അന്വേഷണവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യദു കോടതിയെ സമീപിച്ചത്. കോടതിയുടെ ഭാഗത്ത് നിന്ന് ഒരു അന്വേഷണം വേണമെന്ന് യദു ആവശ്യപ്പെട്ടിരുന്നു. ഇതിന്മേലുള്ള വാദം കേൾക്കവെയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്.
ഇതുവരെ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. 22-ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കന്റോൺമെന്റ് സിഐ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.