ന്യൂഡൽഹി: ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ച് ഖാലിസ്ഥാൻ ഭീകരനും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് നേതാവുമായ ഗുർപത്വന്ത് സിംഗ് പന്നൂൻ. പഞ്ചാബിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യ സമരങ്ങൾ ആരംഭിക്കുമെന്നാണ് ഇയാൾ ഭീഷണി മുഴക്കുന്നത്. 2047 ആകുമ്പോഴേക്കും ലോകഭൂപടത്തിൽ, നിലവിൽ ഇന്ത്യയ്‌ക്ക് കാണുന്ന അതിർത്തി രേഖകൾ തുടച്ചുനീക്കപ്പെടുമെന്നും ഇയാൾ പറയുന്നു.
ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ മാനിക്കണമെന്നും, കാനഡയുടെ നയം ഇക്കാര്യത്തിൽ വ്യക്തമാണെന്നും കനേഡിയൻ വിദേശകാര്യ ഡെപ്യൂട്ടിമന്ത്രി ഡേവിഡ് മോറിസൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒട്ടാവയിൽ ഫോറിൻ ഇന്റർഫെറൻസ് കമ്മീഷന് മുൻപാകെയാണ് ഡേവിഡ് കാനഡയുടെ നിലപാട് അറിയിച്ചത്. ഇന്ത്യ ഒന്നാണെന്നും അതിന്റെ സമഗ്രത തിരിച്ചറിയണമെന്നും ഡേവിഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടാണ് പന്നൂൻ പുതിയ വീഡിയോയുമായി രംഗത്തെത്തിയത്.
പഞ്ചാബിൽ ഖാലിസ്ഥാൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്‌ട്രം രൂപീകരിക്കുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. പഞ്ചാബിലേത് പോലെ ജമ്മു കശ്മീർ, അസം, മണിപ്പൂർ, നാഗാലാന്റ് എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് തുടക്കമിടുമെന്നും ഇന്ത്യയെ ഇല്ലാതാക്കുമെന്നും ഇയാൾ ഭീഷണി മുഴക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ അഭിസംബോധന ചെയ്തും ഇയാൾ സംസാരിക്കുന്നുണ്ട്.
അരുണാചൽ പ്രദേശ് തിരികെ പിടിക്കാൻ ചൈനീസ് സൈന്യം ശ്രമിക്കണമെന്നാണ് ഇയാൾ പറയുന്നത്. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന തെറ്റായ അവകാശവാദങ്ങളും ഇയാൾ ഉയർത്തുന്നു. ഇന്ത്യയെ ഇല്ലാതാക്കാനുള്ള സ്വാതന്ത്യ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകരാൻ കനേഡിയൻ, അമേരിക്കൻ നിയമങ്ങളുടെ പിന്തുണയും സംരക്ഷണവും എസ്എഫ്‌ജെ ഉപയോഗിക്കുന്നത് തുടരുമെന്നും, 2047 ആകുമ്പോഴേക്കും ലോകഭൂപടത്തിൽ ഇന്ത്യയുടെ ഇപ്പോഴുള്ള എല്ലാ അതിർത്തി രേഖകളും തുടച്ചുനീക്കപ്പെടുമെന്നും ഇയാൾ ഭീഷണി മുഴക്കുന്നു.