മുംബൈ: രത്തൻ ടാറ്റയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് ശന്തനു നായിഡു. ഇപ്പോഴുണ്ടായ വിടവ് നികത്താൻ തനിക്ക് ജീവിതകാലം മുഴുവൻ വേണ്ടി വരുമെന്നും, സ്‌നേഹത്തിന് നൽകേണ്ടി വരുന്ന വില ദു:ഖമാണെന്നുമാണ് ശന്തനു സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ടാറ്റ ട്രസ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജരും, രത്തൻ ടാറ്റയുടെ പേഴ്‌സണൽ അസിസ്റ്റന്റുമായിരുന്നു ഈ ചെറുപ്പക്കാരൻ. രത്തൻ ടാറ്റയുടെ വിശ്വസ്ത സഹായിയും അടുത്ത സുഹൃത്തും കൂടിയാണ് ശന്തനു. ഏവരിലും അത്ഭുതം ജനിപ്പിക്കുന്നതായിരുന്നു പ്രായത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചുള്ള ഈ കൂട്ടുകെട്ട്.
” ഈ സൗഹൃദം എന്റെ ഉള്ളിൽ അവശേഷിപ്പിച്ച വിടവ് നികത്താൻ ജീവിതകാലം മുഴുവൻ വേണ്ടി വരും. ദു:ഖമാണ് സ്‌നേഹത്തിന് നാം നൽകേണ്ടി വരുന്ന വില. എനിക്ക് വഴിവിളക്കായി മാറിയ അങ്ങേയ്‌ക്ക് വിടയെന്നും” ശന്തനുവിന്റെ കുറിപ്പിൽ പറയുന്നു. രത്തൻ ടാറ്റയുടെ മരണത്തിന് ശേഷമുള്ള ശന്തനുവിന്റെ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രത്തൻ ടാറ്റയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന സ്ഥലത്തായി ശന്തനു നിൽക്കുന്നതിന്റേയും, അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ചു കൊണ്ടുപോകുന്ന ആംബുലൻസിന് പിന്നിലായി ബൈക്കിൽ പോകുന്ന ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. 10 വർഷം മുൻപ് 2014ൽ ടാറ്റ ഗ്രൂപ്പിൽ പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഇരുവരും കണ്ടുമുട്ടിയത്.
നായകളോടുള്ള സ്‌നേഹമാണ് ഇരുവരേയും തമ്മിൽ കൂടുതൽ അടുപ്പിച്ചത്. തെരുവുനായകൾക്ക് വാഹനം തട്ടി അപകടം ഉണ്ടാകുന്നത് തടയാൻ ശന്തനുവിന്റെ നേതൃത്വത്തിൽ ഗ്ലോ ഇൻ ദി ഡാർക്ക് കോളറുകൾ രൂപകൽപ്പന ചെയ്യാൻ ആരംഭിച്ചിരുന്നു. ഇതിലേക്കുള്ള സഹായം അഭ്യർത്ഥിച്ചാണ് രത്തൻ ടാറ്റയ്‌ക്ക് ആദ്യമായി ശന്തനു ഒരു കത്ത് കൈമാറുന്നത്. രണ്ട് മാസത്തിനുള്ളിൽ തന്നെ രത്തൻ ടാറ്റ ഇതിന് മറുപടി നൽകുകയും, തന്നോടൊപ്പം മുംബൈയിൽ വന്ന് പ്രവർത്തിക്കാൻ ശന്തനുവിനോട് ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് നടന്ന കൂടിക്കാഴ്ചയാണ് ഇരുവരും തമ്മിലുള്ള വലിയൊരു ബന്ധത്തിന് തുടക്കമിട്ടത്.
തെരുവുനായകളുടെ സംരക്ഷണത്തിനായി ശന്തനു ആരംഭിച്ച പദ്ധതിയിൽ രത്തൻ ടാറ്റ നിക്ഷേപം നടത്തുകയും ചെയ്തു. ഇതിനിടെ ഉന്നതപഠനത്തിനായി ശന്തനു യുഎസിലേക്ക് പോയി. ഇന്ത്യയിൽ തിരികെ എത്തുമെന്നും, രത്തൻ ടാറ്റയ്‌ക്കായി ജോലി ചെയ്യുമെന്നും ഉറപ്പ് നൽകിയായിരുന്നു ശന്തനു പോയത്. ഈ ഉറപ്പ് പാലിച്ച ശന്തനു, പിന്നീടങ്ങോട്ട് രത്തൻ ടാറ്റയ്‌ക്കൊപ്പം ചേരുകയായിരുന്നു. ടാറ്റ ട്രസ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജർ എന്ന പദവിയാണ് ഇതോടെ ശന്തനുവിനെ തേടിയെത്തിയത്. പലപ്പോഴും തങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും ഒരുമിച്ച് സിനിമകൾ കാണുന്നതും മുടിവെട്ടുന്നതുമെല്ലാം പതിവാണെന്നും ഒരിക്കൽ ശന്തനു തുറന്നു പറഞ്ഞിട്ടുണ്ട്. കൊറോണ കാലത്ത് രത്തൻ ടാറ്റയിൽ നിന്ന് തനിക്ക് ജീവിതപാഠങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ”കെയിം അപ്പോൺ എ ലൈറ്റ്ഹൗസ്” എന്ന പുസ്തകവും ശന്തനു പുറത്തിറക്കിയിട്ടുണ്ട്.















