ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൽക്കരി ഖനിയിലെ തൊഴിലാളികളുടെ താമസസ്ഥലം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇസ്ലാമാബാദിൽ എസ്‌സിഒ ഉച്ചകോടി നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇന്നലെ രാത്രിയോടെ തോക്കുധാരികളായ ഒരു സംഘം ആളുകൾ കൽക്കരി തൊഴിലാളികൾ താമസിക്കുന്ന ഇടത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ശേഷം ആളുകളെ എല്ലാം ഒരുമിച്ച് നിർത്തിയ ശേഷം അക്രമികൾ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ അഫ്ഗാൻ പൗരന്മാരാണ്. ഖനികൾക്ക് നേരെ അക്രമികൾ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികളെ പിടികൂടുന്നതിനായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പാകിസ്താനിൽ തുടർച്ചയായി നടക്കുന്ന അക്രമപരമ്പരകളിൽ ഒടുവിലത്തേതാണ് ഈ സംഭവം. കഴിഞ്ഞ ആഴ്ച കറാച്ചിയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തിരുന്നു. അതേസമയം എസ്‌സിഒ ഉച്ചകോടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 12ാം തിയതി മുതൽ 16ാം തിയതി വരെ ഇസ്ലാമാബാദിലേയും റാവൽപിണ്ടിയിലേയും റെസ്റ്റോറന്റുകൾ, കല്ല്യാണ മണ്ഡപങ്ങൾ, കഫേ, ക്ലബ്ബുകൾ എന്നിവ താത്കാലികമായി അടച്ചിടും.
ഈ മാസം 15ന് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്താനിലെത്തും. ഒൻപത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്താനിലെത്തുന്നത്. 2015 ഡിസംബറിൽ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് പാകിസ്താനിൽ സന്ദർശനം നടത്തിയിരുന്നു.















