കടലിനടിയിലും പ്രതിരോധക്കരുത്ത് വർദ്ധിപ്പിക്കുന്നതിനായി രണ്ട് ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾ (എസ്എസ്എൻ) നിർമിക്കാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. ഏകദേശം 40,000 കോടി രൂപ ചെലവിലാകും അന്തർവാഹിനികൾ നിർമിക്കുക. യുഎസ് നേവിയാകും ഇന്ത്യക്കായി എസ്എസ്എൻ നിർമിച്ച് നൽകുക.
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈന സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ നിർണായക നീക്കം. നാവികശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ആയുധശേഷി മെച്ചപ്പെടുത്തുന്നതിലും നിർണായകമാകും എസ്എസ്എന്നുകൾ. മുങ്ങി താഴുന്ന എന്നർത്ഥം വരുന്ന “Ship Submersible”, ആണവോർജ്ജമെന്ന അർത്ഥം വരുന്ന “nuclear power” എന്നീ വാക്കുകളിൽ നിന്നാണ് ആക്രമണ അന്തർവാഹിനിക്ക് SSN എന്ന പേരുവന്നത്.
ഇന്ത്യൻ നാവികസേനയ്‌ക്ക് നിലവിൽ ഡീസലിൽ പ്രവർത്തിക്കുന്ന 17 ആക്രമണ അന്തർവാഹിനികളും ഒരു ആണവശക്തിയുള്ള ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയുമാണുള്ളത്. ഐഎൻഎസ് അരിഹന്തിന് പുറമേ ഐഎൻഎസ് അരിഘട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ എസ്എസ്എൻ ആയിരിക്കും ഇത്.
തന്ത്രപരമായ ദൗത്യങ്ങൾക്ക് വേണ്ടിയാണ് എസ്എസ്എൻ ഉപയോഗിക്കുന്നത്. SSBN-നുകളിൽ ആണവ പോർമുനകളായി ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിക്കുമ്പോൾ എസ്എസ്എന്നിൽ പരമ്പരാഗത ആയുധങ്ങളാകും ഉപയോഗിക്കുന്നത്. കൂടുതൽ ചടുലമായ പ്രവർത്തനം കാഴ്ചവയ്‌ക്കാനും സഹായിക്കും. ലോകത്തിലെ ഏറ്റവും ശക്തിയേറിയ നാവിക ആയുധങ്ങളായാണ് ഇവ അറിയപ്പെടുന്നത്. ശത്രു അന്തർവാഹിനികൾക്കും കപ്പലുകൾക്കുമെതിരെ ആക്രമണം നടത്താനാണ് പ്രധാനമായും ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആണവ റിയാക്ടറുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.
ഏറെ കാലം വെള്ളത്തിൽ തുടരാൻ എസഎസ്എന്നുകൾക്ക് സാധിക്കും. തുറമുഖത്ത് നിന്ന് വളരെ അകലെ, വേഗതയോടെ പ്രവർത്തിക്കാൻ സാധിക്കുന്നു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് കൂടുതൽ പ്രതിരോധം സാധ്യമാക്കും. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെൻ്ററിൽ നടക്കുന്ന അന്തർവാഹിനികളുടെ നിർമ്മാണത്തിൽ ലാർസൻ ആൻഡ് ടൂബ്രോ പോലുള്ള സ്വകാര്യ കമ്പനികളും ഉൾപ്പെടും.
റഷ്യയുടെ ‘അകുല ക്ലാസ്’ ആണവ അന്തർവാഹിനികൾ നേരത്തെ ഇന്ത്യ പാട്ടത്തിന് എടുത്തിരുന്നു. ഈ പാട്ടക്കാലാവധി 2021-ൽ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് ഇന്ത്യയ്‌ക്ക് എസ്എസ്എൻ അന്തർവാഹിനികൾ ഇല്ലാതെ വന്നത്. അഞ്ച് വർഷം മുൻപു തന്നെ നാവിക സേന സമർപ്പിച്ച നിർദ്ദേശമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടത്. റഷ്യയിൽ നിന്ന് വീണ്ടും അകുല ആണവ അന്തർവാഹിനികൾ പാട്ടത്തിന് എടുക്കാൻ നീക്കം നടത്തിയെങ്കിലും യുക്രെയ്ൻ – റഷ്യ യുദ്ധം തുടങ്ങിയതോടെ ഇത് മുടങ്ങി. തുടർന്നാണ് സ്വന്തം നിലയിൽ ആണവ ആക്രമണ ശേഷിയുളള അന്തർവാഹിനികൾക്ക് രാജ്യം നീക്കം സജീവമാക്കിയത്















