കാസർകോട്: ഓട്ടോറിക്ഷ വിട്ട് നൽകാത്തതിനെ തുടർന്ന് ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്‌ഐ അനൂപിനെ സസ്‌പെപെൻഡ് ചെയ്തു. മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ഒരു കേസിന്റെ ഭാഗമായി സ്‌റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവറെ അനൂപ് കയ്യേറ്റം ചെയ്യുകയായിരുന്നു. കാസർകോട് സ്വദേശി നൗഫലിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. കേസുമായി ബന്ധപ്പെട്ട് ഓട്ടോ പിടിച്ചെടുക്കാൻ അനൂപ് ശ്രമിച്ചെന്നും തന്നെ മർദ്ദിച്ചെന്നും നൗഫൽ പറഞ്ഞു. വീഡിയോ പുറത്തു വന്നതോടെ അനൂപിനെ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ട് സസ്‌പെൻഡ് ചെയ്തു.
കാസർകോട് സ്റ്റേഷനിൽ എസ്‌ഐയായിരുന്ന സമയത്താണ് അനൂപ് അബ്ദുൾ സത്താറിന്റെ ഓട്ടോ പിടിച്ചെടുത്തത്. മറ്റ് വരുമാന മാർഗങ്ങളില്ലാതെ സത്താർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഡ്രൈവറുടെ ആത്മഹത്യക്ക് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് അനൂപിനെ സ്ഥലം മാറ്റി. ഇതിന് പിന്നാലെയാണ് എസ്‌ഐയ്‌ക്കെതിരായ മറ്റൊരു വീഡിയോയും പുറത്തുവന്നത്.















