33 വർഷങ്ങൾക്ക് ശേഷം സ്‌റ്റൈൽ മന്നൽ രജനികാന്തും ബിഗ്ബി അമിതാഭ് ബച്ചനും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും ഒന്നിച്ചെത്തിയിരിക്കുകയാണ്. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വേട്ടയാന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും സിനിമയുടെ വ്യാജപതിപ്പുകളും പുറത്തിറങ്ങി.
വിവിധ പൈറസി വെബ്‌സൈറ്റുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പുകൾ പുറത്തിറങ്ങിയത്. ഇതോടെ ചിത്രത്തിന്റെ നിർമാതാക്കൾ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. വൻ കളക്ഷൻ നേടുന്ന സിനിമകൾ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഇത്തരത്തിൽ വ്യാജപതിപ്പുകൾ ഇറങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. ഇത് സിനിമ മേഖലയെ ഗുരുതരമായി ബാധിക്കും. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിന് മുമ്പും നിർമാതാക്കൾ രംഗത്തെത്തിയിരുന്നു.
ഒറ്റ ദിവസം കൊണ്ട് 60 കോടിയിലധികം കളക്ഷൻ നേടാൻ വേട്ടയാന് സാധിച്ചു. തലൈവറുടെ മാസ് ഡയലോഗുകൾ ആരാധകരിൽ ഹരം കൊള്ളിച്ചു. മലയാളത്തിന്റെ സ്വന്തം മഞ്ജുവാര്യരും, ഫഹദ് ഫാസിലും, കൂടെ അമിതാഭ് ബച്ചനും മറ്റ് സൂപ്പർ താരങ്ങളും സിനിമയിൽ അണിനിരന്നപ്പോൾ ആവേശം കൊടുമുടിയിലെത്തുമെന്നാണ് ആരാധകരുടെ അഭിപ്രായം.
ലൈക്ക പ്രൊഡക്ഷന്റെ ബാനറിൽ സുബാസ്‌കരൻ അല്ലിരാജയാണ് സിനിമയുടെ നിർമാണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ സിനിമ വിതരണത്തിനെത്തിച്ചത്.















