ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാൻ എന്ന ചിന്താഗതിയാണ് പലർക്കും. ഒരു പണിയുമില്ലാതെ തെക്കോട്ടും വടക്കോട്ടും നടക്കുമ്പോൾ ജോലി സ്വപ്നം കാണുകയും, എന്നാൽ ജോലിക്ക് പോയി തുടങ്ങിയാൽ അവധിക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ആളുകളാണ് സമൂഹത്തിലുള്ളത്. ജീവനക്കാരുടെ മനസറിഞ്ഞ് പ്രവർത്തിക്കുന്ന ചുരുക്കം കമ്പനികൾ മാത്രം നിലനിൽക്കുന്ന ഇക്കാലത്ത് മാതൃകാപരമായ നിലപാടെടുത്തിരിക്കുകയാണ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീശോ (Meesho).
അക്ഷീണം പ്രയത്നിക്കുന്ന ജീവനക്കാർക്ക് വേണ്ടി ഒമ്പത് ദിവസത്തെ അവധിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ‘റീസെറ്റ് ആൻഡ് റീചാർജ്’ എന്ന് മീശോ ഇതിനെ വിശേഷിപ്പിക്കുന്നു. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് ജീവനക്കാർക്ക് അവധി. മീറ്റിംഗുകൾ, ഇ-മെയിലുകൾ തുടങ്ങി എല്ലാതിൽ നിന്നും തൊഴിലാളികൾക്ക് ഒമ്പത് ദിവസം മോചനം ലഭിക്കും. അവധി ദിവസം ജോലി സംബന്ധമായ ഒരുകാര്യവും ജീവനക്കാർ ചെയ്യേണ്ടതില്ല. ഇക്കാര്യം ലിങ്ക്ഡ്ഇൻ മുഖേന മീശോ തന്നെയാണ് പ്രഖ്യാപിച്ചത്.
വർഷത്തിലൊരിക്കൽ ഒമ്പത് ദിവസത്തെ വെക്കേഷൻ അനുവദിക്കുന്ന ഈ പദ്ധതി നാലാം തവണയാണ് മീശോ നടപ്പിലാക്കുന്നത്. ഇത്തവണ മീശോയിൽ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിൽ വിജയകരമായി പൂർത്തിയായതിന്റെ പശ്ചാത്തലത്തിലാണ് അവധി. നീണ്ട അവധി നൽകുന്നത് ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ അനുമാനം. മാതൃകാപരമായ നടപടിയാണിതെന്നും രാജ്യത്തെ എല്ലാ കമ്പനികളും ഇത് സ്വീകരിക്കണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.
വസ്ത്രങ്ങളും വീട്ടുസാധനങ്ങളും തുടങ്ങി ഒട്ടുമിക്ക വസ്തുക്കളും വിൽക്കുന്ന ഇ- പ്ലാറ്റ്ഫോമാണ് മീശോ. ഇന്ത്യയിലെമ്പാടും ഇവർക്ക് സർവീസുണ്ട്. തുച്ഛമായ വിലയ്‌ക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുമെന്നതാണ് മീശോയുടെ പ്രത്യേകത. എല്ലാ വീട്ടിലും ഒരു മീശോ ഉത്പന്നമെങ്കിലും ഉണ്ടാകുന്ന അവസ്ഥയിലേക്ക് കമ്പനി വളർന്നുകഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പിടിപ്പത് പണിയാണ് മീശോയിലെ ജീവനക്കാർക്ക്. ഈ സാഹചര്യത്തിലാണ് നീണ്ട അവധി.















