ആലപ്പുഴ: കായംകുളത്ത് ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്ത് മോഷണം. കായംകുളം യൂണിയനിലെ 1657-ാം നമ്പർ ശാഖായോഗം നിർമിച്ച ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്താണ് മോഷ്ടാക്കൾ കാണിക്കവഞ്ചി അപഹരിച്ചത്. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ഗുരുമന്ദിരത്തോട് ചേർന്നുള്ള സിസിടിവി ക്യാമറയിൽ മൂന്ന് പേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സമീപ പ്രദേശത്തെ സിസിടിവികളും പൊലീസ് പരിശോധിച്ചുവരികയാണ്. മോഷ്ടാക്കൾ ഗുരുമന്ദിരത്തിന്റെ സമീപത്തേക്ക് വരുന്നതും പൂട്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.
പൂട്ട് പൊളിക്കാൻ നോക്കിയിട്ട് നടക്കാതെ വന്നതോടെയാണ് പ്രതികൾ ഗുരുമന്ദിരത്തിന്റെ ചില്ല് അടിച്ചുതകർത്തത്. തുടർന്ന് കാണിക്കവഞ്ചിയും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.















