തിരുവനന്തപുരം: പാർട്ടിയിൽ ഒരു സെക്രട്ടറി മാത്രം മതിയെന്ന വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നേതാക്കളായ പ്രകാശ് ബാബുവിനെതിരെയും വിഎസ് സുനിൽ കുമാറിനെതിരെയുമാണ് വിമർശനം. പല സെക്രട്ടറിമാർ പാർട്ടിയിൽ വേണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. പാർട്ടിയിൽ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാൻ ആണെങ്കിൽ അങ്ങനെ, മറിച്ച് മറ്റാരെങ്കിലുമാണെങ്കിൽ അയാൾ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുമ്പും പ്രകാശ് ബാബുവിനെയും വിഎസ് സുനിൽ കുമാറിനെയും ബിനോയ് വിശ്വം വിമർശിച്ചിരുന്നു. എഡിജിപി വിഷയവുമായി ബന്ധപ്പെട്ട് ജനയുഗത്തിൽ ലേഖനം പ്രസിദ്ധീകരിച്ചതിനായിരുന്നു വിമർശനം. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയങ്ങളിൽ വിഎസ് സുനിൽ കുമാറിനെയും വിമർശിച്ചു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പാർട്ടിയുമായി കൂടിയാലോചിക്കാതെ അഭിപ്രായം പറഞ്ഞതിൽ ആനി രാജയ്‌ക്കും അദ്ദേഹം താക്കീത് നൽകിയിരുന്നു. സംസ്ഥാന വിഷയങ്ങളിൽ ആനി രാജ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും നിർദേശിച്ചു.















